ബാങ്കോക്: യൂറോപ്പിനു പിന്നാലെ കിഴക്കന്‍ ഏഷ്യയിലും അഭയാര്‍ഥി ബോട്ട് ദുരന്തം. മ്യാന്മറില്നിന്നുള്ള റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് ബംഗാള്‍ ഉള്‍ക്കടലില്‍ മറിഞ്ഞ് 17 പേരാണ് മരിച്ചത്. 33 പേരെ കാണാതായി. മലേഷ്യയിലേക്ക് പോവുകയായിരുന്ന ബോട്ടില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 58 ആളുകളാണുണ്ടായിരുന്നത്. എട്ടുപേര്‍ രക്ഷപ്പെട്ടു.
also read.. കുവൈത്തില്‍ പോലിസ് സേനയിൽ ഇനി കൂടുതൽ വനിതകൾ; പുതിയ ബാച്ചിൽ 226 പേർ
ആഫ്രിക്കയില്‍ നിന്ന് മെഡിറ്ററേനിയന്‍ സമുദ്രം വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനു സമാനമായാണ് മ്യാന്മറില് നിന്ന് മലേഷ്യയിലേക്കുള്ള അനധികൃത കുടിയേറ്റ ശ്രമം. മ്യാന്മറിലെ രാഖൈന്‍ സംസ്ഥാനത്തെ ബുതിദൗങ്ങില്‍നിന്നാണ് ബോട്ട് പുറപ്പെട്ടത്. മ്യാന്മര് തലസ്ഥാനമായ നെയ്ഫിത്വയില്‍നിന്ന് 335 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബുദ്ധമതക്കാര്‍ ഭൂരിപക്ഷമായ മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷ വിഭാഗമാണ് റോഹിങ്ക്യകള്‍. 2017ല്‍ രാഖൈനില്‍ മ്യാന്മര് സൈന്യം നടത്തിയ വംശഹത്യയെ തുടര്‍ന്ന് 7,50,000 റോഹിങ്ക്യന്‍ മുസ്ലികളാണ് പിറന്ന നാടുപേക്ഷിച്ച് ജീവനും കൊണ്ട് പലായനം ചെയ്തത്. ബംഗ്ളാദേശ്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇവര്‍ കഴിയുന്നത്. മ്യാന്മറില് അവശേഷിക്കുന്ന ആറു ലക്ഷത്തോളം വരുന്ന റോഹിങ്ക്യകള്‍ക്ക് ഭരണകൂടം പൗരത്വവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ചിരിക്കുകയാണെന്നാണ് ആരോപണം.
ഈ സാഹചര്യത്തിലാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകതുല്യ ജീവിതം നയിക്കുന്നവര്‍ മെച്ചപ്പെട്ട ജീവിതം തേടി മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും കടല്‍വഴി അപകടകരമായ യാത്രകള്‍ നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം 3,500 ലധികം റോഹിങ്ക്യക്കാരാണ് ആന്‍ഡമാന്‍ കടല്‍ വഴിയും ബംഗാള്‍ ഉള്‍ക്കടല്‍ വഴിയും രാജ്യംവിട്ടത്. 2021ല്‍ 2800 പേരായിരുന്നു ഇപ്രകാരം യാത്രപോയത്.
കഴിഞ്ഞ വര്‍ഷം മാത്രം ഈ യാത്രക്കിടയില്‍ 350 ഓളം പേരെ കടലില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തു. ഡിസംബറില്‍ 180 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ആന്‍ഡമാന്‍ കടലില്‍ ബോട്ട് തകര്‍ന്ന് മരണപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam