ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.പി സുശീൽ കുമാർ റിങ്കുവിനെ വർഷകാല സമ്മേളനം പൂർത്തിയാകുന്നതുവരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള. ഡൽഹി ഓർഡിനൻസ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ അപമര്യാദയായി പെരുമാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ.
ഡൽഹി ഓർഡിനൻസ് ബില്ലിന്മേലുണ്ടായ ചർച്ചയ്ക്കിടെ ഇദ്ദേഹം സ്പീക്കർക്ക് നേരെ പേപ്പറുകൾ വലിച്ചെറിഞ്ഞിരുന്നു. സഭയിൽ മര്യാദയോടെ പെരുമാറണമെന്ന് റിങ്കുവിനോട് ആവശ്യപ്പെട്ടതായി ഓം ബിർള പറഞ്ഞു. എന്നാൽ, അതിൽ അദ്ദേഹം പരാജയപ്പെട്ടു. സഭയുടെ അന്തസ്സ് കുറയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
മണിപ്പൂർ അക്രമ വിഷയത്തിൽ ബഹളം സൃഷ്ടിച്ചതിന് രാജ്യസഭയിൽ നിന്നുള്ള എഎപി എംപി സഞ്ജയ് സിംഗിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു ശേഷം സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ എംപിയാണ് റിങ്കു. പഞ്ചാബിലെ ജലന്ധർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയാണ് അദ്ദേഹം.

കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് റിങ്കുവിനെ മൺസൂൺ സമ്മേളനത്തിന്റെ ബാക്കി ഭാഗത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്പീക്കർ ഓം ബിർള സഭയുടെ അംഗീകാരം തേടി. അതേസമയം സഭയിലെ ബഹളത്തിനിടയിൽ ഡൽഹി സർവീസ് ബിൽ ലോക്‌സഭ പാസാക്കി. ബിൽ പാസായതിന് പിന്നാലെ നിരവധി പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.ബിൽ ഇനി രാജ്യസഭയിൽ അവതരിപ്പിക്കും.
ബിൽ നിയമമാകുന്നതോടെ ജനാധിപത്യത്തിന് വിള്ളലേൽക്കുമെന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രതികരണം. “എല്ലാ തവണയും ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. 2014ൽ മോദി തന്നെ പ്രധാനമന്ത്രിയായാൽ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഡൽഹിയിലെ ജനങ്ങളെ അവർ പിന്നിൽ നിന്ന് കുത്തി. ഇനി മുതൽ മോദിയെ വിശ്വസിക്കരുത്” – കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















