ആര്‍ത്തവ സമയങ്ങളില്‍ ഇന്ന് സ്ത്രീകളില്‍ ഭൂരിപക്ഷവും മെന്‍സ്ട്രുവല്‍ കപ്പുകളാണ് ഉപയോഗിയ്ക്കാറുള്ളത്. ഏറെ നാള്‍ ഉപയോഗിക്കാമെന്നതും പാഡുകള്‍ നശിപ്പിയ്ക്കുന്നതിലുള്ള ബുദ്ധിമുട്ടുമൊക്കെ പലരെയും മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗവും വജൈനല്‍ ഇന്‍ഫെക്ഷനും സംബന്ധിച്ച് നടത്തിയ പഠനത്തിനൊടുവില്‍ പുതിയൊരു കണ്ടെത്തലില്‍ എത്തിയിരിയ്ക്കുകയാണ് ഗവേഷകര്‍. ആര്‍ത്തവ സമയത്തുള്ള രക്തം ശേഖരിച്ചുവെക്കാന്‍ ഉണ്ടാക്കിയിട്ടുള്ള ഒരു ഉപകരണമാണ് മെന്‍സ്ട്ര്വല്‍ കപ്പ്. സിലിക്കോണ്‍, റബ്ബര്‍, ലാറ്റക്‌സ് തുടങ്ങിയ മെറ്റീരിയല്‍ ഉപയോഗിച്ച് വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലും ഇവ ലഭ്യമാണ്.
മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിച്ചവരില്‍ ബാക്റ്റീരിയല്‍ വജൈനോസിസ് എന്ന അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തുകയായിരുന്നു. ഇല്ലിനോയ് ചിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ചെലവില്‍ നടത്തിയ പഠനത്തില്‍ കെനിയയില്‍ നിന്നുള്ള 436 സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. അവരില്‍ പകുതിയിലേറെയും മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നവര്‍ ആയിരുന്നു. പഠനകാലയളവില്‍ ആറുമാസത്തിന്റെ ഇടവേളകളില്‍ ഇവരിലെ വജൈനല്‍ അണുബാധ സംബന്ധിച്ച ടെസ്റ്റുകള്‍ക്ക് വിധേയരാക്കി.
തുടര്‍ന്നാണ് മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിച്ചവരില്‍ ബാക്റ്റീരിയല്‍ വജൈനോസിസ് എന്ന അണുബാധയ്ക്കുള്ള സാധ്യത 26 ശതമാനം കുറവായിരുന്നു എന്നും കപ്പ് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ആരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ സാധ്യത 37 ശതമാനം കൂടുതലായിരുന്നു എന്നും കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ ആര്‍ത്തവ ശുചിത്വ കാര്യത്തില്‍ മെന്‍സ്ട്രുവല്‍ കപ്പുകള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത സുപ്രിയ ചൂണ്ടിക്കാട്ടുന്നു.
മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിച്ച പെണ്‍കുട്ടികളില്‍ വജൈനല്‍ അണുബാധയ്ക്കുള്ള സാധ്യത തീരെ കുറവായിരുന്നെന്നും അവരില്‍ വജൈനയില്‍ ആരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി. സാനിറ്ററി പാഡുകളും തുണികളും ഏറെ നേരം മാറ്റാതിരിക്കുന്നതും വൃത്തിയായി സൂക്ഷിക്കാത്തതുമൊക്കെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയാണ് എന്നും സുപ്രിയ പറയുന്നു. ടാംപൂണുകളും അതേ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ കപ്പുകള്‍ ഉപയോഗിച്ചാല്‍ ആര്‍ത്തവകാലം ശുചിത്വമുള്ളതായി തീരുമെന്നും സുപ്രിയ വ്യക്തമാക്കുന്നു. PLOS മെഡിസിന്‍ എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















