ന്യൂഡൽഹി: ഹരിയാന കലാപത്തിന് ഉത്തരവാദികളായവരിൽനിന്ന് നാശനഷ്‌ടം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ‘‘കലാപത്തിന് ഉത്തരവാദികളായ ഓരോ കുറ്റവാളികളെയും നിയമത്തിനു മുന്നിലെത്തിക്കും. ഇവരിൽനിന്ന് നാശനഷ്‌ടം എതുവിധേനയും ഈടാക്കും. സ്വകാര്യവ്യക്തികൾക്കുണ്ടായ നാശനഷ്‌ടത്തിന്റെ പൂർണ ഉത്തരവാദിത്വം ഇവർക്കാണ്. സംസ്ഥാനത്തിന്റെ സമാധാനം തകർക്കുന്നത് ശരിയല്ല. എക്സ് പ്ലാറ്റ്‌ഫോമിനെ (ട്വിറ്റർ) മുൻനിർത്തി കലാപവുമായി ബന്ധപ്പെട്ട് ഓരോ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും’’ – മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് ഖട്ടർ നടത്തിയ ഒരു പരാമർശം വിവാദത്തിൽ. തങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു ഖട്ടറുടെ വാക്കുകൾ. സംസ്ഥാനത്ത് സമാധാനവും ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിക്കുകയാണ്. പോലീസിനോ സൈന്യത്തിനോയെന്നല്ല ആർക്കും ഇത് ഉറപ്പുനൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നൂഹ് ജില്ലയിലായിരുന്നു വ്യാപക അക്രമവും സംഘർഷവും അരങ്ങേറിയത്. തിങ്കളാഴ്ച വൈ കുന്നേരമാണു സംഘർഷം ആരംഭിച്ചത്. രണ്ടു ഹോം ഗാർഡുകൾ ഉൾപ്പെടെ നാലു പേർ തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നു. ഗുരുഗ്രാമിലെ സെക്ടർ 57 മേഖലയിൽ നൂറോളം വരുന്ന സംഘം മോസ്ക് ആക്രമിച്ച് ഇമാമിനെ കൊലപ്പെടുത്തുകയായിരുന്നു. മോസ്കിന് അക്രമികൾ തീവയ്ക്കുകയും ചെയ്തു.
ബിഹാർ സ്വദേശിയായ സാദ് (26) ആണു വെടിവയ്പിൽ കൊല്ലപ്പെട്ടത്. വെടിയേറ്റും കുത്തേറ്റും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച അർധരാത്രിക്കു ശേഷമാണ് അൻജുമാൻ മസ്ജിദിനു നേരേ ആക്രമണമുണ്ടായത്. ഈ സമയം മോസ്കിൽ നിരവധി പേരുണ്ടായിരുന്നു. വെടിവയ്പിൽ ഖുർഷിദ് എന്നയാൾക്കും പരിക്കേറ്റു.

ഇന്നലെ ഉച്ചകഴിഞ്ഞ് ഗുരുഗ്രാമിലെ ബാദ്ഷാപുരിലെ ഹോട്ടലിനു ജനക്കൂട്ടം തീവച്ചു. പ്രദേശത്തെ മുസ്ലിംകളുടെ കടകൾ ജനക്കൂട്ടം തകർത്തു. പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.
ഹോം ഗാർഡുകളായ നീരജ്, ഗുർസേവക് എന്നിവരാണ് കൊല്ലപ്പെട്ടത്. നൂഹിലെ സംഘർഷത്തിൽ പത്തു പോലീസുകാർ ഉൾപ്പെടെ 50 പേർക്കു പരിക്കേറ്റു. 120 വാഹനങ്ങൾ അക്രമികൾ തകർത്തു. കലാപവുമായി ബന്ധപ്പെട്ട് 11 എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് 27 പേരെ കസ്റ്റഡിയിലെടുത്തു, നൂഹ്, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ ജില്ലകളിൽ കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്.
ഹരിയാനയിലെ കലാപം നേരിടുന്നതിനായി നാലു കമ്പനി കേന്ദ്ര സേനകളെക്കൂടി രംഗത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി 20 കമ്പനി കേന്ദ്രസേനകളാണ് രംഗത്തുള്ളത്. ഹരിയാനയിലെ വിവിധ സ്ഥലങ്ങളിൽ 2 ദിവസമായി തുടരുന്ന അക്രമസംഭവങ്ങളിൽ 5 പേരാണ് കൊല്ലപ്പെട്ടത്. അക്രമണങ്ങളിൽ 50ൽ ഏറെപ്പേർക്കാണ് പരുക്കേറ്റത്.
നൂഹിൽ തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്‌പി) ഘോഷയാത്ര ആൾക്കൂട്ടം തടഞ്ഞതിനു പിന്നാലെയാണു വർഗീയസംഘർഷം പടർന്നത്. മണിക്കൂറുകൾക്കകം അക്രമം ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) ഭാഗമായ സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കലാപത്തെ തുടർന്ന് പ്രദേശത്തെ ഇന്റെർനെറ്റ് തടഞ്ഞിരിക്കുകയാണ്. നൂഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
ആക്രമങ്ങളുമായി ബന്ധപ്പെട്ടു 44 കേസുകൾ റജിസ്റ്റർ ചെയ്തു. 70 പേർ അറസ്റ്റിലായി. രാജ്യതലസ്‌ഥാനമായ ഡൽഹിയുടെ 20 കിലോമീറ്റർ അടുത്തുവരെ കലാപമെത്തിയതോടെ ഡൽഹിയും അതീവജാഗ്രതയിലായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















