ഗുരുഗ്രാം: ഹരിയാനയിലെ നുഹ് ജില്ലയിൽ ആരംഭിച്ച കലാപം സമീപ പ്രദേശങ്ങളിലേക്കും ആളുന്നു. ഗുരുഗ്രാമിലെ ബാദ്ഷപുരിൽ 14 കടകൾ അക്രമികൾ തകർത്തു. ബിരിയാണി ഉൾപ്പെടെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളാണ് ആക്രമിക്കപ്പെട്ടത്.
മതപരമായ മുദ്രാവാക്യം മുഴക്കിയാണ് അക്രമികൾ എത്തിയത്. വിവിധ വാഹനങ്ങളിൽ എത്തിയ ഇരുനൂറോളം വരുന്ന സംഘം പെട്രോൾ ഉപയോഗിച്ചാണ് കടകൾ തീവച്ചു നശിപ്പിച്ചത്. 200 ഓളം ആളുകൾ കാറുകളിലും ബൈക്കിലും എത്തിയാണ് ആക്രമണം നടത്തിയത്. സെക്ടർ 66ൽ ഏഴ് കടകൾ അഗ്നിക്കിരയാക്കി. മുസ്ലിം വിഭാഗത്തിന്റെ കടകൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ബാദ്ഷാപുരിലെ മോസ്കിന്നു മുന്നിൽ അക്രമികൾ “ജയ് ശ്രീറാം’ വിളിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം ആരംഭിച്ചത്. ഇതുവരെ 4 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ അക്രമം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റർ അകലെയാണ് ഇന്ന് തീവയ്പ്പുണ്ടായത്.

അക്രമത്തെ തുടർന്ന് ബാദ്ഷാപുർ മാർക്കറ്റ് അടച്ചു. തിങ്കളാഴ്ച ഗുരുഗ്രാമിലെ സെക്ടർ 57 ൽ അക്രമികൾ മോസ്കിന് തീവയ്ക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. നുഹിലെ അക്രമത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് ഗുരുഗ്രാമിലും സംഘർഷം ഉടലെടുത്തത്.
രണ്ട് സമുദായത്തിലുള്ള ആളുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിച്ചത്. ഗുരുഗ്രാം അൽവാർ ദേശീയപാതയിൽ വച്ച് ഒരുസംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതാണു സംഘർഷത്തിന്റെ തുടക്കം. ബജ്റംഗ്ദൾ പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണു സംഘർഷത്തിലേക്കു നയിച്ചതെന്നാണു റിപ്പോർട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















