സാൻ ഫ്രാൻസിസ്കോ : ട്വിറ്റർ ആസ്ഥാനത്ത് ‘എക്സ്’ ലോഗോ സ്ഥാപിച്ച സംഭവത്തിൽ പെർമിറ്റ് ലംഘനം അന്വേഷിക്കാൻ സാൻ ഫ്രാൻസിസ്കോ. ബന്ധപ്പെട്ട വകുപ്പിൽ നിന്ന് പെർമിറ്റ് എടുത്ത ശേഷം മാത്രമേ ഇത്തരത്തിൽ കെട്ടിടങ്ങളിൽ നിന്ന് ലോഗോയും പേരും മാറ്റി മറ്റൊന്ന് സ്ഥാപിക്കാൻ കഴിയൂ എന്നാണ് സിറ്റി ഒഫിഷ്യൽസ് പറയുന്നത്. കാൽനടയാത്രക്കാരുടേതടക്കം സുരക്ഷ മുൻനിർത്തിയാണ് പെർമിറ്റ് എടുക്കുന്നത്.എന്നാൽ ട്വിറ്ററിന്റെ സാൻ ഫ്രാൻസിസ്കോയിലെ ലോഗോ മാറ്റി എക്സ് ലോഗോ സ്ഥാപിച്ചതിൽ കമ്പനിയുടെ പെർമിറ്റ് സംബന്ധിച്ച വിഷയങ്ങളിൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ട്വിറ്ററിന്റെ മുൻപത്തെ ചിഹ്നവും ലോഗോയും കെട്ടിടത്തിൽ നിന്ന് നീക്കം ചെയ്യുന്നത് കഴിഞ്ഞ ദിവസം പൊലീസ് തടസപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടത്തിന് മുകളിൽ ഇപ്പോൾ പുതിയ ചിഹ്നം ഉയർന്നിരിക്കുന്നത്.കെട്ടിടങ്ങളിൽ ഇത്തരത്തിൽ എന്തെങ്കിലും ബോര്ഡപകളോ അക്ഷരങ്ങളോ മാറ്റിസ്ഥാപിക്കുന്നതിന് അനുമതി ആവശ്യമാണെന്ന് ബിൽഡിങ് ഇൻസ്പെക്ഷൻ വക്താവ് പാട്രിക് ഹന്നാൻ ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു. ഇത്തരത്തിൽ കെട്ടിടങ്ങളിൽ അടയാളം സ്ഥാപിക്കുന്നതിന് ആസൂത്രണവും അംഗീകാരവും ആവശ്യമാണ്. ട്വിറ്ററിന്റെ ആസ്ഥാനത്ത് പുതിയ ലോഗോ സ്ഥാപിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പാട്രിക് ഹന്നാൻ പറഞ്ഞു.’എക്സ്’ : കഴിഞ്ഞ ജൂലൈ 24നാണ് ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റുന്നതിനെക്കുറിച്ച് കമ്പനി സിഇഒ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്.
എക്സ് എന്ന പേരിലാണ് ട്വിറ്റർ ഇനി അറിയപ്പെടുക എന്ന അറിയിപ്പോടുകൂടി നാളുകളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ലോഗോയും കമ്പനി അന്ന് തന്നെ ഔദ്യോഗികമായി പുറത്തിറക്കി.കറുപ്പ് പശ്ചാത്തലത്തില്‍ വെളുത്ത നിറത്തിലുള്ള ‘എക്സ്’ എന്ന എഴുത്താണ് പുതിയ ലോഗോ. ബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ പരിഷ്കരണം. ജൂലൈ 23ന് രാത്രി ‘എക്സ്’ ലോഗോയുടെ ചിത്രം മസ്ക് ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. തുടർന്ന് ജൂലൈ 24ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.പുതിയ ലോഗോ ട്വിറ്ററിലൂടെ പുറത്തിറക്കിയത് ട്വിറ്റർ ഉടമ ഇലോൺ മസ്കും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ലിൻഡ യാക്കാരിനോയും ചേർന്നാണ്.’ലൈറ്റ്. ക്യാമറ. എക്സ് !’ – എന്ന അടിക്കുറിപ്പോടെയാണ് സാൻഫ്രാൻസിസ്കോയിലെ ഓഫിസ് കെട്ടിടത്തിന് മുകളില്‍ ലോഗോ പ്രൊജക്റ്റ് ചെയ്ത ഫോട്ടോ ഉള്‍പ്പെടുത്തി യക്കാരിനോ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ വർഷം 44 ബില്യൺ ഡോളറിനാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ വാങ്ങിയത്. ഇതിന് പിന്നാലെ നിരവധി പരിഷ്കരണങ്ങള്‍ മസ്ക് ട്വിറ്ററിൽ കൊണ്ടുവന്നു.
ലോഗോയും പേരും മാറ്റുന്നതിന് രണ്ട് ദിവസം മുൻപ് മറ്റൊരു പരിഷ്കരണം കൂടി മസ്ക് ട്വിറ്ററിൽ കൊണ്ടുവന്നിരുന്നു.സ്വന്തമായി അക്കൗണ്ടില്ലാത്തവര്‍ക്ക് ട്വിറ്റര്‍ വെബ് പ്ലാറ്റ്ഫോമില്‍ ബ്രൗസ് ചെയ്യാനാകില്ലെന്നായിരുന്നു ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക് കൊണ്ടുവന്ന പരിഷ്കരണം. ജൂലൈ 22നാണ് ഇതിന്റെ അറിയിപ്പ് വന്നത്. ട്വീറ്റുകള്‍ കാണേണ്ടവര്‍ ആദ്യം അക്കൗണ്ട് എടുക്കണം. ട്വിറ്ററിലൂടെയുള്ള അമിത ഡാറ്റാ സ്ക്രാപ്പിങ് സാധാരണ ഉപയോക്താക്കളുടെ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടിയാണ് ഇതെന്ന് മസ്ക് അറിയിച്ചു.