ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോര്‍ തീവണ്ടി ദുരന്തത്തിന്റെ കാരണം വിശദമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യസഭയില്‍ എം.പിമാരുടെ ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിഗ്നലിങ്ങിലെ പാളിച്ചയാണ് ദുരന്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോണ്‍ഗ്രസ് എം.പി. മുകുള്‍ വാസ്‌നിക്, സി.പി.എം. എം.പി. ജോണ്‍ ബ്രിട്ടാസ്, ആം ആദ്മി പാര്‍ട്ടി എം.പി. സഞ്ജയ് സിങ് എന്നിവരുടെ ചോദ്യത്തിനാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് മറുപടി നല്‍കിയത്. നോര്‍ത്ത് സിഗ്നല്‍ ഗൂംട്ടി സ്‌റ്റേഷനില്‍ മുമ്പ് നടത്തിയ സിഗ്നലിങ് സര്‍ക്ക്യൂട്ട് മാറ്റത്തിലെ പിഴവും 94-ാം ലെവല്‍ ക്രോസിങ് ഗേറ്റിലെ ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയര്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലിയിലെ പാളിച്ചയും അപകടകാരണമായി. ഇത് കോറമാണ്ഡല്‍ എക്‌സ്പ്രസിന് തെറ്റായ ലൈനില്‍ ഗ്രീന്‍ സിഗ്നല്‍ ലഭിക്കാന്‍ കാരണമായെന്നും അശ്വനി വൈഷ്ണവ് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.
ദുരന്തത്തില്‍ 295 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും 176 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായും മുകുള്‍ വാസ്‌നിക്കിന്റെ ചോദ്യത്തിന് റെയില്‍വേ മന്ത്രാലയം മറുപടി നല്‍കി. 451 പേര്‍ക്ക് നിസാരപരിക്കുകളേറ്റതായും 180 പേര്‍ക്ക് പ്രഥമശ്രുശൂഷ നല്‍കി വിട്ടയച്ചതായും മന്ത്രാലയം വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ച 41 പേരെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദുരന്തത്തിന് കാരണം സിഗ്നലിംഗ് സംവിധാനത്തിന്റെ അറ്റകുറ്റപണികളിലെ പിഴവാണെന്നും റെയിൽവേ വിശദീകരിച്ചു.
റെയിൽവേ സ്റ്റേഷന് വടക്കുവശത്തുള്ള സിഗ്നൽ സംവിധാനത്തിൽ മുമ്പ് നടത്തിയ സിഗ്നലിംഗ് സർക്യൂട്ട് മാറ്റത്തിലെ പിഴവുകൾ, അടുത്തുള്ള ലെവൽ ക്രോസിംഗ് ഗേറ്റിലെ സിഗ്നലിംഗ് ജോലികൾ നടത്തിയതിലെ പാളിച്ചകൾ എന്നിവ കാരണം ചെന്നൈയിലേയ്ക്കുള്ള കോറമണ്ഡൽ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 12841) തെറ്റായി പച്ചസിഗ്നൽ കൊടുക്കുകയും എന്നാൽ സിഗ്നലിംഗ് സംവിധാനത്തിലെ അശ്രദ്ധയും വീഴ്ചകളും കാരണം ഇത് മെയിൻ ലൈനിന് പകരം സ്റ്റേഷനോട് ചേർന്നുള്ള ലൂപ്പ് ലൈനിലേയ്ക്ക് കണക്ട് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. ഇതുമൂലം യാത്രാ ട്രെയിൻ ഗതി മാറി ലൂപ്പ് ലൈനിൽ പിടിച്ചിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ പുറകിൽ ചെന്നിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്.
റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയും വീഴ്ചയും അനാസ്ഥയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് റെയിൽവേ മന്ത്രിയുടെ വെളിപ്പെടുത്തൽ. മരിച്ച 295 യാത്രക്കാരിൽ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും കേന്ദ്രമന്ത്രി സമ്മതിച്ചു. എന്നാൽ കഴിഞ്ഞ മുന്ന് കൊല്ലത്തിനിടയിൽ സമാനമായ അപകടങ്ങൾ ഉണ്ടാക്കുവാൻ സാധ്യയുണ്ടായിരുന്ന സിഗ്നൽ വീഴ്ചകളെ കുറിച്ചുള്ള ചോദ്യത്തോട് വ്യക്തമായ മറുപടി നൽകാതെ ബാലസോറിന് സമാനമായ അപകടം ഉണ്ടാകുന്ന തരത്തിലുള്ള സിഗ്നൽ വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്ന ഒഴുക്കൻ മറുപടിയാണ് റെയിൽവേ മന്ത്രാലയം നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















