അൽ ജസീറയുടെ ഇൻവെസ്റ്റിഗേറ്റീവ് വാർത്ത ഏജൻസിയായ ഐ നടത്തിയ നാല് ഭാഗങ്ങളുള്ള അന്വേഷണ പരമ്പര ചെറുതായൊന്നുമല്ല ഇരുണ്ട ഭൂഖണ്ഡത്തെ ഉലച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡം കേന്ദ്രീകരിച്ച് നടക്കുന്ന ആഗോള സ്വർണ്ണ മാഫിയയുടെ കറുത്ത ഇടപാടുകളിലേക്ക് വ്യക്തമായ വെളിച്ചം വീശുന്നവയായിരുന്നു അല്‍ ജസീറ അണ്ടര്‍ കവര്‍ ഏജന്‍റ്സിന്‍റെ കണ്ടെത്തലുകള്‍. അവയിലെല്ലാം ഉയര്‍ന്നു കേട്ട ചില പേരുകളുണ്ട്. സിംബാബ്വേ പ്രഥമ പൗരൻ എമേഴ്സണ്‍ മംഗാഗ്വാ. അന്താരാഷ്ട്ര വ്യാപാര മേഖലയിൽ യുഎസ് ഡോളർ ഏറ്റവും ആവശ്യമുള്ള രാജ്യമായ സിംബാബ്‌വെയാണ് സ്വര്‍ണ്ണക്കടത്ത് മാഫിയയുടെ സ്വർഗ്ഗം. ജനങ്ങൾക്കിടയിൽ ഇഡി എന്ന വിളി പേരിൽ അറിയപ്പെടുന്ന സിംബാബ്വേ പ്രസിഡന്റ് എമേഴ്സൺ മംഗാഗ്വേ, ഒരു സ്വർണ്ണ മാഫിയ തലവൻ അദ്ദേഹത്തെ തന്‍റെ ബിസിനസ് പങ്കാളിയെന്ന് വിശേഷിപ്പിച്ചപ്പോൾ മറ്റൊരു അധോലോക നായകന്‍ തന്‍റെ സംരക്ഷകനായാണ് എമേഴ്സൺ മംഗാഗ്വേയെ കാണുന്നത്.
Read More: പബ്ജി പ്രണയകഥ: യുവതിയെ പാകിസ്താനിലേക്ക് തിരിച്ചയക്കണമെന്ന് തീവ്ര വലതുപക്ഷ സംഘടനകൾ
ദീർഘനാൾ സിംബാബ്വേയുടെ ഭരണ തലപ്പത്ത് ഇരുന്ന റോബർട്ട് മുഗാബെയെ പുറത്താക്കി 2017 ലാണ് എമേഴ്സൺ മംഗാഗ്വേ പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നത്. രാജ്യത്തെ മഹാവ്യാധിയായി കാർന്നുതിന്നുന്ന അഴിമതിയടക്കമുള്ള നിരവധി സാമൂഹിക – സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാഗ്ദാനം. അൽ ജസീറയുടെ അന്വേഷണത്തിൽ, മംഗാഗ്വയും രാജ്യത്തെ സ്വർണക്കടത്ത് – കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകളും സിംബാബ്വേ എന്ന രാജ്യത്തെ എത്രത്തോളം മുറിവേൽപ്പിക്കുന്നു എന്നും രാജ്യത്തിന്‍റെ സിരകളിലൂടെ ഒഴുകുന്ന സാമ്പത്തിക സ്രോതസുകളെ എങ്ങനെ ഊറ്റിക്കളയുന്നു എന്നതും വെളിപ്പെടുന്നു. ഒന്ന് മറ്റൊന്നിനോട് എങ്ങനെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിവാക്കുന്നു. ഈ തട്ടിപ്പുകളെക്കുറിച്ച് മംഗാഗ്വയ്ക്ക് എത്രത്തോളം അറിയാം, സ്വർണ്ണക്കടത്ത് ഗ്യാങുകളെ അദ്ദേഹം നേരിട്ട് സഹായിക്കുകയായിരുന്നോ എന്നൊക്കെ കൂടുതൽ വ്യക്തമാകേണ്ടിയിരിക്കുന്നു.
മംഗാഗ്വയുടെ കുഞ്ഞാടുകള്‍:-
സിംബാബ്‌വേ ഭരണകൂടത്തിലെ ഏറ്റവും സ്വാധീനമുള്ള നയതന്ത്രജ്ഞൻ യൂബെർട്ട് ഏഞ്ചൽ. സിംബാബ്‌വേയുടെ യുറോപ്പ് – അമേരിക്കൻ പ്രത്യേക അംബാസിഡർ, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി റിക്കി ഡൂലൻ. കള്ളപ്പണ സ്വർണ്ണക്കെമാറ്റ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ. രാജ്യത്തിന്റെ അസ്ഥിരമായ സമ്പദ് വ്യവസ്ഥയിലേക്ക് നിക്ഷേപം കൊണ്ടുവരിക എന്ന ദൗത്യം ഏറ്റെടുത്ത് നടത്തുന്ന പ്രസിഡന്‍റ് എമേഴ്സൺ മംഗഗ്വയുടെ വിശ്വസ്തർ . നയതന്ത്ര മറയുടെ സഹായത്തോടെ വിദേശത്തുള്ള കള്ളപ്പണക്കടത്തുകാർ തങ്ങളുടെ പണം വെളുപ്പിക്കുന്നതിനുള്ള കേന്ദ്രമായി കാണുന്നു.പകരം സിംബാബ്വേയിൽ നിന്നും തുല്യമായ അളവിൽ സ്വർണം കടത്തി അവരുടെ കൈകളിൽ എത്തിക്കുന്നതിന് സഹായിക്കുന്നു. യൂബർ ഏഞ്ചലിന്റെയും റിക്കി ഡൂലന്റെയും സുപ്രധാന ചുമതലയാണ് അത്. തന്റെ പ്രവർത്തനങ്ങൾക്കെല്ലാം പ്രസിഡന്‍റ് മംഗാഗ്വേയുടെ പൂർണ്ണ പിന്തുണ അദ്ദേഹം അവകാശപ്പെടുന്നതായി അൽ ജസീറ അന്വേഷകർ വെളിപ്പെടുത്തുന്നു.
‘അമ്മയും അച്ഛനും’ :-
അതിലും രസകരമാണ് യൂബർ മായും റിക്കി തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതെന്ന് അൽ ജസീറയുടെ അണ്ടർ കവർ ഗവേഷകർ പറയുന്നു. രണ്ട് ലക്ഷം യുഎസ് ഡോളർ ചെലവാക്കിയാൽ പ്രസിഡന്റ് എമേഴ്സൺ മംഗാഗ്വേയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അവസരം ഒരുക്കി തരാമെന്നായിരുന്നു വാഗ്ദാനം എന്നാൽ ഇതൊരു കൈക്കൂലിയായി കാണരുതെന്നും മറിച്ച് പ്രസിഡന്‍റ് എമേഴ്സൺ മംഗാഗ്വേക്കുള്ള നന്ദിവാക്കായി കാണണമെന്നും നയതന്ത്രജ്ഞർ ആവശ്യപ്പെട്ടു. എന്തായാലും ആ കൂടിക്കാഴ്ച സാധ്യമായില്ല. ഏഞ്ചലും ധൂലനുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിൽ പലതവണ പ്രസിഡന്‍റിന്‍റെ പത്നിയും പ്രഥമ പൗരയുമായ ഓക്ലീലിയ മംഗാഗ്വേയുടെ കോൾ വന്നതായി അണ്ടർ കവർ ഏജന്റ്സ് പറയുന്നു. മോംമ് എന്നാണ് യൂബെർട്ട് ഏഞ്ചൽ അവരെ അഭിസംബോധന ചെയ്തത്. കൂടിക്കാഴ്ചക്കിടയിലും മോംമിന്റെ ചില കോളുകൾ വന്നു. ചില കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളെ കുറിച്ചള്ള ചില പരാമർശങ്ങൾക്ക് ‘ask Father’ എന്നായിരുന്നു മറുപടി.
സിംബാബ്‌വേ പ്രസിഡന്റ് എമേഴ്സൺ മംഗാഗ്വയുടെ മരുമകളും സിംബാബ്‌വേ മൈനിംഗ് ഫെഡറേഷന്‍റെ മേധാവിയുമായ ഹെന്റിറ്റ റഷ്വയ . രാജ്യത്തെ സ്വർണ്ണക്കടത്തിന്‍റെ സൂത്രധാരയായി ഇവരെ കാണാം. കള്ളപ്പണം വെളുപ്പിക്കുന്നതും പകരം നല്‍കാനുള്ള സ്വര്‍ണ്ണം ഉറപ്പാക്കുന്നതും സുപ്രധാന സൂത്രധാരയും പദ്ധതികളുടെ കൃത്യമായ ആസൂത്രണം ഉറപ്പാക്കുന്നതും റഷ്വയ തന്നെയാണ്. അല്‍ജസീറ രഹസ്യ ഏജന്‍റ്സിന് മുന്നില്‍വച്ചുതന്നെ ഏഞ്ചല്‍ യൂബെര്‍ട്ട് റഷ്വായയെ മൊബൈലില്‍ ബന്ധപ്പെട്ടു. ബ്രദര്‍ പോള്‍ എന്ന കമലേഷ് പട്ട്നിക്ക് ടെംബോയാണ് പ്രസിഡന്‍റ് എമേഴ്സന്‍ മംഗാഗ്വ. ആനക്കുട്ടിയെന്നാണ് സ്വാഹിലി ഭാഷയില്‍ അര്‍ത്ഥം. എല്ലാകാര്യങ്ങളും മംഗ്വാഗ വഴി തന്നെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹത്തിനെ എല്ലാം അറിയിക്കേണ്ടിയിരിക്കുന്നുവെന്നും കമലേഷ് പട്നി വെളിപ്പെടുത്തി. പ്രസിഡന്‍റിനോടൊപ്പമുള്ള നിരവധി സ്വകാര്യ ഫോട്ടോകളും മാധ്യമസംഘത്തിന് മുന്നില്‍ നിരത്തി. എല്ലാ ഇടപാടുകള്‍ക്കും കൃത്യമായ തുക മംഗ്വാഗയ്ക്ക് എത്തിച്ചു നല്‍കാറുണ്ടെന്നും പട്നി പറഞ്ഞു. ആദ്യകാലത്തെ സിംബാബ്വേയില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്തുകാരന്‍ ഇവാന്‍ മക് മില്യന്‍ പറഞ്ഞത്. എമേഴ്സണ്‍ തന്‍റെ ബിസിനസ്‍ പങ്കാളിയായിരുന്നു എന്നാണ്. ഒരിക്കല്‍ താന്‍ പിടിക്കപ്പെട്ടപ്പോള്‍ മംഗാഗ്വേയില്‍ നിന്ന് അതിശക്തമായ മുന്നറിയിപ്പ് ഉണ്ടായെന്നും തന്‍റെ പേര് എവിടെയെങ്കിലും പരാമര്‍ശിക്കപ്പെട്ടാല്‍ പിന്നീടുള്ള ജീവിതം ദൂരിതപൂര്‍ണ്ണമാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവാന്‍ മക് മില്യന്‍ പറയുന്നു.
സര്‍ക്കാരിന് സമാന്തരമായി മറ്റൊരു ഭരണതലം കൂടി സിംബാബ്വേയിലെ സ്വര്‍ണ്ണക്കടത്ത് മേഖലയില്‍ സജീവമാണ്. സര്‍ക്കാരുകളെയും സമ്പദ് വ്യവസ്ഥകളെയും താങ്ങാനെന്ന പേരില്‍, വിദേശ ഉപരോധങ്ങളെ അതിജീവിക്കാനെന്ന പേരിലൊക്കെ രാജ്യത്തിന്‍റെ പരമോന്നത അധികാര കേന്ദ്രത്തിന്‍റെ മൌനാനുവാദത്തോടെ അനുസ്യൂതം ഇവയുടെ പ്രവര്‍ത്തനം തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം