ഇംഫാല്‍: വര്‍ഗീയ കലാപം നടക്കുന്ന മണിപ്പൂരില്‍ വീണ്ടുംബാങ്ക് കവർച്ച. കാങ്‌പോപ്പി ജില്ലയിലെ ബാങ്കിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന കമ്പ്യൂട്ടറുകളും മറ്റ് ഇലക്‌ട്രോണിക് വസ്തുക്കളും കൊള്ളയടിച്ചു. ചുരാചന്ദ്പൂരിലെ ആക്‌സിസ് ബാങ്ക് ശാഖയിൽ നിന്ന് 2.25 കോടിയുടെ പണവും ആഭരണങ്ങളും മോഷണം പോയതിന് പിന്നാലെയാണ് പുതിയ സംഭവം.
ഇംഫാൽ താഴ്‌വരയ്ക്ക് വടക്കുള്ള മണിപ്പൂർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന്റെ കാങ്‌പോപി ശാഖയിലാണ് മോഷണം നടന്നത്. മേയ് 4 മുതൽ ബാങ്ക് അടച്ചിട്ടിരിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് ഉദ്യോഗസ്ഥർ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നതെന്ന് പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ആറ് കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും മറ്റ് ഇലക്ട്രോണിക്സ് വസ്തുക്കളും നഷ്ടപ്പെട്ടതായാണ് വിവരം.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
ഹെഡ് ഓഫീസിന്റെ നിർദേശപ്രകാരം മെയ് പകുതിയോടെ തന്നെ ബാങ്കിലെയും എടിഎമ്മുകളിലെയും പണമെല്ലാം സുരക്ഷിതമായി ബാങ്ക് അധികൃതർ മാറ്റിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാംഗ്‌പോപി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജൂലൈ 10നാണ് ചർച്ചന്ദ്പൂരിലെ ആക്സിസ് ബാങ്കിന്റെ ശാഖയിൽ നിന്ന് 2.25 കോടി രൂപയുടെ പണവും ആഭരണങ്ങളും കാണാതായത്. മോഷ്ടാക്കൾ ബാങ്കിന്റെ പിൻഭാഗത്ത് നിന്ന് കുഴിയെടുത്ത് അകത്ത് കടക്കുകയായിരുന്നു. 1.25 കോടി രൂപയും ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഒരു കമ്പ്യൂട്ടറുമാണ് കൊള്ളയടിച്ചത്. അതേസമയം, രണ്ടുമാസത്തിലധികമായി മണിപ്പൂരിൽ കലാപം തുടർന്നുകൊണ്ടിരിക്കുകയാണ്.
















