തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെട്ട് സിപിഐ. മുന്നണിയുടെ ഐക്യം ശക്തമാക്കുകയും വേണം. ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യം സിപിഐ മുന്നോട്ടുവച്ചത്. സിപിഐയുടെ ഈ വികാരം കൂടി കണക്കിലെടുത്ത് 22ന് എൽഡിഎഫ് നേതൃയോഗം വിളിച്ചു.
Read More: വികലാംഗരുടെ സംവരണം പ്രൊമോഷനുകളിലും നിർബന്ധിതമാക്കി സുപ്രീം കോടതി
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മുന്നണിയുടെ ദൈനംദിന കാര്യങ്ങളിലും ഏകോപനത്തിലും ശ്രദ്ധിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎം നേതൃത്വത്തെ പാർട്ടിയുടെ അഭിപ്രായം അറിയിച്ചത്. എന്നാൽ ജയരാജനെ നേരിട്ടു കുറ്റപ്പെടുത്താൻ സിപിഐ മുതിർന്നില്ല. സിപിഐ ഉദ്ദേശിക്കുന്നത് എന്താണെന്ന് സിപിഎം മനസ്സിലാക്കുമെന്ന് അവർ കരുതുന്നു. ജയരാജന്റെ വിട്ടുനിൽക്കൽ സിപിഎമ്മിലെ ആഭ്യന്തര വിഷയമാണെങ്കിലും അതു എൽഡിഎഫിനെ ബാധിക്കുന്നതിലേക്കു വളരാതിരിക്കണമെന്നാണു സിപിഐ കാഴ്ചപ്പാട്.
എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയതു മുതൽ നേതൃത്വവുമായി അകലംപാലിച്ചു വരികയാണ് ഇപി. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം അദ്ദേഹത്തെ കൂടുതൽ രോഷാകുലനാക്കി. സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ഉയരില്ലെന്ന് അദ്ദേഹം വിചാരിക്കുന്നു. തന്നെ ലക്ഷ്യമിട്ടു പാർട്ടിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നെന്ന വികാരത്തിലാണ് ഇപി.
കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ ജയരാജൻ പങ്കെടുത്തിരുന്നില്ല. ആയുർവേദ ചികിത്സയ്ക്കായി അവധി എടുത്തെന്ന കാരണമാണു പറഞ്ഞത്. തിരുവനന്തപുരത്ത് എത്തുന്നില്ലെങ്കിലും ചുരുക്കം സ്ഥലങ്ങളിൽ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഘടകകക്ഷികൾക്കു സിപിഎമ്മിനെ ബന്ധപ്പെടാനുള്ള പാലമായി ഇക്കാലമെല്ലാം പ്രവർത്തിച്ചിരുന്നത് എൽഡിഎഫ് കൺവീനറായിരുന്നെങ്കിൽ ആ ദൗത്യനിർവഹണത്തിനായി ജയരാജനെ ലഭിക്കാറില്ല.
ഏപ്രിൽ അഞ്ചിനാണ് ഒടുവിൽ ഇടതുമുന്നണി യോഗം ചേർന്നത്. വിവാദവിഷയങ്ങൾ ഒട്ടേറെ വന്നെങ്കിലും യോഗം ചേരാൻ കഴിഞ്ഞില്ല. ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ടു കൂട്ടായ ചർച്ചയും തീരുമാനങ്ങളും വേണമെന്ന അഭിപ്രായം മുന്നണിയിൽ കനത്തതിന്റെ കൂടി അടിസ്ഥാനത്തിലാണു 3 മാസത്തിനു ശേഷം മുന്നണി യോഗം ഇപ്പോൾ ചേരാൻ ധാരണയായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം