തിരുവനന്തപുരം: കാലവർഷക്കെടുതിയെ നേരിടാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ്. കാലവർഷം ശക്തിപ്പെടുകയാണ്. പല സ്ഥലത്തും മഴക്കെടുതി തുടരുകയാണ്. മറ്റ് വകുപ്പുകളെയും സ്ഥാപനങ്ങളെയും വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും കൂട്ടിയിണക്കി പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരും ജില്ലാ കളക്ടർമാരും മറ്റും നൽകുന്ന നിർദേശങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ വിധ നടപടികളും സ്വീകരിക്കണം. അനിവാര്യമായ സാഹചര്യങ്ങളിൽ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ആവശ്യമായ പണം ചെലവഴിക്കാൻ അനുവാദം നൽകും. ദുരന്ത പ്രതിരോധ നിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണ്. 2018,19 വർഷങ്ങളിലെ മഹാ പ്രളയങ്ങളുണ്ടാക്കിയ ദുരന്തങ്ങള്‍ നേരിടുന്നതിൽ തദ്ദേശ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
Also read : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
ആവശ്യമായ ഇടങ്ങളിൽ ക്യാമ്പുകള്‍ ആരംഭിച്ച് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. ക്യാമ്പുകളിൽ ഭക്ഷണം, ആരോഗ്യ സംവിധാനം, പ്രാഥമിക സൌകര്യങ്ങള്‍, ഗതാഗത സൌകര്യം തുടങ്ങിയവയുണ്ടെന്ന് ഉറപ്പുവരുത്തണം. മഴക്കാലത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന പകർച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനും നേരിടുന്നതിനുമുള്ള പ്രവർത്തനങ്ങള്‍ ആരോഗ്യവകുപ്പുമായി ചേർന്ന് ഊർജിതമാക്കണം. മാലിന്യ സംസ്കരണ പ്രവർത്തനങ്ങള്‍ ഊർജിതമാക്കേണ്ടത് പകർച്ച വ്യാധി പ്രതിരോധത്തിന് അനിവാര്യമാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. ജനപ്രതിനിധികള്‍ ഇതിന് നേതൃത്വം നൽകണം. അപകട സാധ്യതയുള്ള ബോർഡുകളും ഹോർഡിംഗുകളും അടിയന്തിരമായി നീക്കം ചെയ്യണം. സന്നദ്ധ പ്രവർത്തകരെ വിവരങ്ങള്‍ അറിയിച്ച് സജ്ജരാക്കി നിർത്തണം.
ഈ പ്രവർത്തനങ്ങളെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്ത് ജനങ്ങളുടെ ദുരിതങ്ങളിൽ അവരുടെ കൈത്താങ്ങായി പ്രവർത്തിക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും നേതൃത്വം നൽകണമെന്ന് മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















