ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ജയിലിലായ ആം ആദ്മി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഉള്‍പ്പടെ കുറ്റാരോപിതരായവരുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. എല്ലാ പ്രതികളുടേതും ഉൾപ്പെടെ 52 കോടിയിലധികം വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്.
സിസോദിയയുടേയും ഭാര്യ സീമയുടേയും പേരിലുള്ള സ്ഥലങ്ങളും ഇരുവരുടേയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പതിനൊന്നു ലക്ഷം രൂപയും ഇ.ഡി. പിടിച്ചെടുത്തു. മദ്യനയ കേസില്‍ കുറ്റാരോപിതരായ അമന്‍ദീപ് സിങ് ധാള്‍, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.
കേസുമായി ബന്ധപ്പെട്ട് 128.78 കോടി രൂപയുടെ സ്വത്ത് വകകൾ ഇതുവരെ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Read more: ബാലസോർ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്ത് സിബിഐ
ഡല്‍ഹി മദ്യനയ അഴിമതിയിലെ ഇഡി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോഗ്യകാരണങ്ങളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയിരുന്നത്. നിലവിൽ ജാമ്യം നൽകേണ്ട ആവശ്യമില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. സിസോദിയക്കൊപ്പം മറ്റ് കൂട്ടുപ്രതികളായ നാല് പേരുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.
മദ്യനയക്കേസില്‍ ഫെബ്രുവരി 26-നാണ് സിസോദിയ അറസ്റ്റിലാകുന്നത്. മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ ഡല്‍ഹി ലെഫ്റ്റന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സി.ബി.ഐയുടെ കേസ്. സിസോദിയ ഉള്‍പ്പെടെ 15 പേരാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















