വീട്ടിലെ ഒരാളെപ്പോലെ നമ്മളെ കരുതലോടെ ചേർത്തു നിർത്തുക. അതും അത്യപൂർവ പ്രതിഭയായ ഒരാൾ. ആ സുഖം നമ്പൂതിരി സാറിൽനിന്നു ഞാൻ ആവോളം അനുഭവിച്ചിട്ടുണ്ട്. എനിക്കു നമ്പൂതിരിസാറുമായുള്ള അടുപ്പം നൽകിയ അഭിമാനം വളരെ വലുതാണ്. ഞാൻ തേടിപ്പോയി നേടിയെടുത്ത അടുപ്പമാണത്.
ചെന്നൈ ചോളമണ്ഡലത്തിൽ അദ്ദേഹം താമസിക്കുന്ന സമയത്താണു ഞാൻ ആദ്യമായി അന്വേഷിച്ചു പോകുന്നത്. വീട്ടിലേക്കു കയറുമ്പോൾ അദ്ദേഹം കൈ പിടിച്ചാണ് അകത്തേക്കു കയറ്റിയത്. ഏതോ ജന്മത്തിൽ പിരിഞ്ഞുപോയ ഒരാളെ വീണ്ടും കണ്ടുമുട്ടുന്ന അനുഭൂതിയോടെ. രാത്രി ഏറെനേരം സംസാരിച്ചിരുന്നു. എന്റെ സിനിമയെക്കുറിച്ചും അദ്ദേഹത്തിന്റെ വരകളെക്കുറിച്ചുമെല്ലാം സംസാരിച്ചു. വരച്ച ചിത്രങ്ങളിൽ പലതും എനിക്കു കാണിച്ചുതന്നു. സ്ത്രീ സൗന്ദര്യത്തെ ഇതുപോലെ ഭംഗിയായി ഒപ്പിയെടുക്കുന്നത് എങ്ങനെയെന്നു ഞാൻ ചോദിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്യുന്ന സ്ത്രീയെയും പുരുഷനെയും അദ്ദേഹം വരച്ചപ്പോൾ സ്കൂട്ടറില്ലായിരുന്നു. അവരുടെ ഇരിപ്പും കാറ്റുമാണ് ഇല്ലാത്ത സ്കൂട്ടറിനെ കാഴ്ചക്കാരിലെത്തിച്ചത്. ഇതാണു പ്രതിഭയെന്നു പറയുന്നത്. ആ നിമിഷം സ്കൂട്ടറില്ലാതെ വരയ്ക്കാൻ തോന്നിച്ച അജ്ഞാതമായ ശക്തിയാണു പ്രതിഭ. ഞാനതു പല തവണ നേരിൽ കണ്ടു.
ചോദിക്കാതെ തന്നെ എനിക്കു ചിത്രങ്ങൾ തന്നു. ഞാൻ ആദ്യമായി സാറിനോട് ആവശ്യപ്പെട്ട ചിത്രം ശങ്കരാചാര്യരുടെ ‘സൗന്ദര്യലഹരി’യിലെ ഒരു ശ്ലോകമായിരുന്നു. ആ ശ്ലോകം എഴുതി കയ്യിൽ വച്ചിട്ടാണു പോയത്. അതു പല തവണ വായിച്ച അദ്ദേഹം പറഞ്ഞു, എത്ര വർണിച്ചാലും തീരാത്തതാണീ ശ്ലോകം. അത്രയും വർണിക്കാൻ വരയ്ക്കാകില്ലല്ലോ. പിന്നീടു പല തവണ കണ്ടുവെങ്കിലും നമ്പൂതിരി സാർ ആ ചിത്രത്തേക്കുറിച്ചു മാത്രം സംസാരിച്ചില്ല. ഞാൻ ചോദിച്ചതുമില്ല.
ഒരു ദിവസം കണ്ടപ്പോൾ എന്നെ കൈ പിടിച്ച് ഒരു വശത്തേക്കു മാറ്റി നിർത്തി പറഞ്ഞു, ഒരു രൂപം തെളിഞ്ഞിട്ടുണ്ട്. വരച്ചു തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞു വന്നാൽ കാണാം. പക്ഷേ ഞാൻ പോയില്ല. കാരണം എനിക്കാ ചിത്രം പൂർണമാക്കി അദ്ദേഹം കാണിച്ചു തരുന്ന നിമിഷമാണു വേണ്ടിയിരുന്നത്. മാസങ്ങൾക്കു ശേഷം ഞാനാ ചിത്രം കണ്ടു. എന്റെ മനസ്സിലെ ശ്ലോകത്തിലും എത്രയോ മനോഹരമായ ചിത്രം. ഒരിക്കലും കാണാത്ത നിറമായിരുന്നു ചിത്രത്തിന്. ഞാൻ വീടുകൾ മാറിയപ്പോഴെല്ലാം പ്രധാന മുറിയിൽ ആ ചിത്രവും വച്ചു. ചിത്രങ്ങളെക്കുറിച്ചറയാവുന്ന പലരും അതു കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം നമ്പൂതിരി സാർ കൊച്ചിയിലെ എന്റെ വീട്ടിൽ വന്നു. ‘സൗന്ദര്യലഹരി’ കണ്ടപ്പോൾ അദ്ദേഹം കുറെ നേരം നോക്കിനിന്നു. പിന്നീട് കൈകൂപ്പിക്കൊണ്ടു ചോദിച്ചു, ‘ഇതു ഞാൻ വരച്ചതുതന്നെയാണോ?’ ചിത്രകാരനെപ്പോലും ആ ചിത്രം അദ്ഭുതപ്പെടുത്തി. പ്രതിഭയുടെ അത്യപൂർവ ശോഭയുള്ളൊരു നിമിഷം എനിക്കു കൈക്കുമ്പിളിലാക്കി തന്നതായിരുന്നു അദ്ദേഹം.
അദ്ദേഹം വരച്ച എത്രയോ സ്കെച്ചുകൾ എന്റെ ശേഖരത്തിലുണ്ട്. ഒരിക്കൽ പറഞ്ഞു, ‘ലാലിനെപ്പോലെ എന്റെ ചിത്രം ശേഖരിച്ച ആരുമുണ്ടാകില്ല’. ഓരോ ചിത്രവും സ്വീകരിച്ചതു പ്രാർഥനയോടെയാണ്. നമ്പൂതിരി സാറുമായി ചേർന്നിരുന്ന അരങ്ങുകൾ മറക്കാനാകില്ല. അദ്ദേഹം ധാരാളം കഥകൾ പറഞ്ഞു. പലതും ചെവിയിലാണു പറഞ്ഞുതന്നത്. അത് ആസ്വദിച്ചു ഞങ്ങൾ ചിരിച്ചു. എന്നും എന്നെ കൈ പിടിച്ചു കുട്ടിയെപ്പോലെ അദ്ദേഹം അടുത്തിരുത്തി. വീട്ടിലായാലും പൊതുവേദിയിലായാലും.
ഒരു ഗന്ധർവന്റെ ചിത്രം വേണമെന്നു മോഹമുണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപ് അതു പറഞ്ഞു. ഗന്ധർവന്മാരെ കാണാൻ സ്ത്രീകൾക്കേ കഴിയൂവെന്നു ഞാൻ പറഞ്ഞു. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അദ്ദേഹം പറഞ്ഞു, ഗന്ധർവനെ കണ്ടുവെന്ന്. അതീവ സുന്ദരിയായ മോഹിനിയായി അദ്ദേഹം ഗന്ധർവനെ വരുത്തിയതാകാം. വരച്ചു തുടങ്ങിയപ്പോൾ കാൻവാസിനു വലുപ്പം പോരെന്നു തോന്നി. തൃശൂരിൽനിന്നു വലിയ കാൻവാസു വരുത്തി മാറ്റി വരച്ചു. അതും മാസങ്ങൾ നീണ്ടു. മായ്ച്ചു മായ്ച്ചു പല ഗന്ധർവന്മാരെ അദ്ദേഹം വരച്ചു. അവസാനം എന്നെ വിളിച്ചു.
ഞാൻ അതു വീട്ടിൽ പോയാണു വാങ്ങിയത്. അവിടെയും ഒരു കുട്ടിയെപ്പോലെ എന്നെ കൈ പിടിച്ചാണു കൊണ്ടുപോയത്. അകത്തെ മുറിയിൽ ഒരു സൂത്രം ഒളിപ്പിച്ചുവച്ച കൗതുകത്തോടെ… മുറി തുറന്നതും ഞാൻ ഗന്ധർവനെ കണ്ടു. അദ്ദേഹം ഏറെ നേരം ആ ചിത്രത്തെക്കുറിച്ചു സംസാരിച്ചു. ഗന്ധർവന്മാരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും സംസാരിച്ചു. ചിരിച്ചു സംസാരിക്കുന്നതിനിടയിൽ ഞാൻ നമ്പൂതിരി സാറിന്റെ മടിയിലേക്കു തലവച്ചു. സുഹൃത്ത് എടുത്തൊരു പടത്തിലാണ് ആ കാഴ്ച കണ്ടത്. അതൊരു ഭാഗ്യമാണ്. തല ചേർത്തതു പകരം വയ്ക്കാനില്ലാത്തൊരു പ്രതിഭയുടെ മടിയിലാണ്. തിരിച്ചു പോരുമ്പോൾ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കുറച്ചു ചിത്രങ്ങൾ കൂടി എനിക്കു തന്നു. യാത്രയാകുന്നതിനു ദിവസങ്ങൾ മുൻപുവരെ അദ്ദേഹം വരച്ചുകൊണ്ടിരുന്നു. മൊബൈലിലൂടെ ഞാനാ ചിത്രങ്ങൾ കണ്ടു. എന്റെ പിറന്നാളുകൾക്ക് അദ്ദേഹത്തെ വിളിച്ച് അനുഗ്രഹം തേടി. ഈ പിറന്നാളിനും ഞാൻ സംസാരിച്ചു. അദ്ദേഹത്തിന്റെ പിറന്നാളുകൾക്കും ഞങ്ങൾ സംസാരിച്ചു.
വീട്ടിൽ വന്നു താമസിക്കാമെന്നു പറഞ്ഞിരുന്നതാണ്. അതുണ്ടായില്ല. യാത്ര പ്രയാസകരമായിത്തുടങ്ങിയിരുന്നു. എത്രയോ തവണ ആ വിരലുകൾ ഞാൻ എന്റെ വിരലിനോടു ചേർത്തുവച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ ചേർന്നിരുന്നിട്ടുണ്ട്. എന്റെ കുട്ടികളോടു അവർ ആരെപ്പോലെയാകണമെന്നു ഞാൻ പറഞ്ഞിട്ടില്ല. പറയുമായിരുന്നെങ്കിൽ പറഞ്ഞേനെ, നിങ്ങൾ നമ്പൂതിരി സാറിനെപ്പോലെയാകണമെന്ന്. നിറഞ്ഞു നിറഞ്ഞു വരുമ്പോഴും തുളുമ്പാതെ ജീവിക്കുക. തിരിച്ചു പോകുന്നതുവരെയും ജോലി ലഹരിയാക്കി ജീവിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം