കോഴിക്കോട്: ആധുനിക കാലത്തെ ആവശ്യങ്ങളും അവസരങ്ങളും തിരിച്ചറിഞ്ഞ് വിദ്യാഭ്യാസ പദ്ധതികൾ ആരംഭിക്കുന്നതിൽ മർകസ് സ്ഥാപനങ്ങൾ ശ്രേദ്ധയമായ ചുവടുവെപ്പാണ് മുന്നോട്ടുവെക്കുന്നതെന്നും ഇത് മാതൃകാപരമാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് സ്വപ്നനഗരിയിൽ ഇന്നലെ(തിങ്കൾ) ആരംഭിച്ച മർകസ് മെഗാ എജ്യൂ ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനവും വിദ്യാഭ്യാസ സമ്മേളനവുമാണ് ഇന്ന്(ചൊവ്വ) വൈകുന്നേരത്തോടെ അവസാനിക്കുന്ന എജ്യൂ ഫെയറിൽ നടക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും കൗൺസിലിംഗ് സെന്ററുകളും പ്രദർശന സ്റ്റാളുകളും കരിയർ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെമിനാറുകളും ശിൽപശാലകളും അനുമോദന ചടങ്ങുകളും പരിപാടിയുടെ ഭാഗമാണ്. വിദ്യാർത്ഥികളുടെ തൊഴിൽ അഭിരുചികൾ കണ്ടെത്തുന്നതിനുള്ള മൾട്ടിപ്പിൾ ഇന്റലിജൻസ് ടെസ്റ്റുകൾ സൗജന്യമായി നടത്തുന്ന കരിയർ ക്ലിനിക്കും വിദ്യാഭ്യാസ കരിയർ രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
എക്സ്പോയുടെ ഭാഗമായി മർകസ് അലുംനി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഈ വർഷം പത്താം ക്ലാസിലും പ്ലസ് ടുവിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന മെറിറ്റ് ഇവന്റ് നടന്നു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ഉപരിപഠന സൗകര്യങ്ങൾ സുഗമമാക്കുന്നതിനും ആവിഷ്കരിച്ച ‘സക്സസ് പാത്ത്’ ലോഞ്ചിംഗ് മന്ത്രി റിയാസ് നിർവഹിച്ചു. വിവിധ സെഷനുകൾക്ക് ഡോ. അമീർ ഹസൻ, ഡോ. നാസർ കുന്നുമ്മൽ, ആകാശ് ചൗസ്കി, കെ എച്ച് ജറീഷ്, കെ എം അബ്ദുൽ ഖാദർ, ഇഹ്സാനുൽ ഇതിസാം നേതൃത്വം നൽകി. വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. നാസർ കുന്നുമ്മൽ, ഡോ. ശമീം പാടൂർ എന്നിവർക്ക് മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉപഹാരാം നൽകി.
ഉദ്‌ഘാടന ചടങ്ങിൽ മർകസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ദിൽശാദ് സ്വാഗതം പറഞ്ഞു. മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ സി എ അബ്ദുൽ റഷീദ് സഖാഫി അധ്യക്ഷത വഹിച്ചു. പി യൂസുഫ് ഹൈദർ അതിഥികൾക്ക് ഉപഹാരം സമർപ്പിച്ചു. കെ കെ ശമീം, ഹനീഫ് അസ്ഹരി, കോർപറേഷൻ കൗൺസിലർ പ്രവീൺ, പിടിഎ പ്രസിഡണ്ട് അബ്ദുൽ നിസാർ, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, അശ്റഫ് അരയങ്കോട് സംസാരിച്ചു.