ഡൽഹി: മണിപൂരിലെ തൽസ്ഥിതിയുടെ അവസ്ഥയെപ്പറ്റി റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ഥിതി മെച്ചപ്പെടുന്നുവെന്ന് സുപ്രീം കോടതിയിൽ സർക്കാർ വാദിച്ചെങ്കിലും രേഖാമൂലം തൽസ്ഥിതി റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ഇടപെടൽ ഇനിയും വൈകിയാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നു കുക്കി വിഭാഗത്തിനു വേണ്ടി ഹാജരായ കോളിൻ ഗൊൺസാൽവസ് വാദിച്ചു. എന്നാൽ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും ഇതിനെ വർഗീയവൽക്കരിക്കരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Read More: ഏക സിവിൽ കോഡിനെതിരെ പോരാട്ടത്തിന് ഒരുങ്ങി സിപിഎം
മണിപ്പുരിലെ സ്ഥിതി, പുനരധിവാസ ക്യാംപുകളിലെ അവസ്ഥ, ആയുധം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ അറിയിക്കാനാണു കോടതി നിർദേശിച്ചത്. കുക്കികളുടെ സംരക്ഷണം ആവശ്യപ്പെട്ടു മണിപ്പുർ ട്രൈബൽ ഫോറം ഡൽഹിയും ഹിൽ ഏരിയ കമ്മിറ്റി ചെയർമാനും നൽകിയ ഹർജികളാണു പരിഗണിച്ചത്.
സർക്കാർ ഉറപ്പു നൽകിയിട്ടും സ്ഥിതി ഗുരുതരമാകുകയാണെന്നു കുക്കിവിഭാഗം അറിയിച്ചു. കഴിഞ്ഞതവണ വിഷയം കോടതി പരിഗണിക്കുമ്പോൾ 20 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. മണിപ്പുരിൽ സർക്കാർ സ്പോൺസർ ചെയ്ത കലാപമാണു നടക്കുന്നതെന്നും ഗൊൺസാൽവസ് പറഞ്ഞു.
ഇതിനിടെ, രാജ്യാന്തര മെയ്തെയ് ഓർഗനൈസേഷനു വേണ്ടി ഹാജരായ അഭിഭാഷകൻ കലാപത്തിനു പിന്നിലുള്ളവരെക്കുറിച്ചും ആയുധമെത്തുന്നതിനെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടു. ഇതും തൽസ്ഥിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നു കോടതി ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര നിർദേശം സ്വീകരിച്ചശേഷം കോടതിയെ പ്രത്യേകം അറിയിക്കാമെന്നായിരുന്നു തുഷാർ മേത്തയുടെ പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം