തിരുവനനന്തപുരം: ഏക സിവിൽ കോഡിനെതിരെ (യുസിസി) രാഷ്ട്രീയ പ്രചാരണത്തിന് ഒരുങ്ങി സിപിഎം. യുസിസി അംഗീകരിക്കില്ലെന്നു കെപിസിസി പ്രഖ്യാപിക്കുമ്പോഴും എഐസിസി അഭിപ്രായം പരസ്യമാക്കാത്തതിന്റെ ഖിന്നത കോൺഗ്രസിനുണ്ട്.
എതിർചേരിയിലെ ആശയക്കുഴപ്പം കയ്യോടെ മുതലാക്കാനാണു സിപിഎം ശ്രമിക്കുന്നത്. അത് അനുവദിക്കില്ലെന്ന തീരുമാനത്തോടെ നാളെ കെപിസിസിയും 10നു യുഡിഎഫും വിളിച്ചുകൊണ്ടു യുസിസി വിരുദ്ധ നിലപാട് സംശയലേശമന്യേ പ്രകടിപ്പിക്കാൻ മുന്നണിയും പാർട്ടിയും ഒരുങ്ങുന്നു. ചുരുക്കത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയപ്പോര് യുസിസിയുടെ പേരിൽ തുടങ്ങിക്കഴിഞ്ഞു.
Read More: പാകിസ്ഥാനിൽ രഹസ്യസന്ദർശനം നടത്തി ജാക്ക് മാ
ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്തുണ കൂടുതലായി ആർജ്ജിക്കാനായുളള രാഷ്ട്രീയാവസരമായി പ്രധാനമന്ത്രിയുടെ ഏക സിവിൽകോഡ് പ്രഖ്യാപനത്തെ ഉപയോഗിക്കുമെന്നു തന്നെയാണു സെമിനാറുകളും പ്രതിഷേധവും സംഘടിപ്പിക്കാനുള്ള സിപിഎം തീരുമാനം വ്യക്തമാക്കുന്നത്. ലീഗിനും അതിൽ പങ്കുചേരാമെന്ന ചൂണ്ടയും പാർട്ടി എറിഞ്ഞു. ആ പ്രഖ്യാപനത്തെ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം സ്വാഗതം ചെയ്തപ്പോൾ സിപിഎമ്മിന്റേത് ആത്മാർഥത ഇല്ലാത്ത നിലപാടാണെന്ന് എം.കെ.മുനീർ തള്ളി.
എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയ ശേഷം ലീഗിനെ കൂടെ കൊണ്ടുവരാനുള്ള നീക്കം സിപിഎം സജീവമാക്കിയിരുന്നു. ലീഗ് വർഗീയ പാർട്ടി അല്ലെന്നും ന്യൂനപക്ഷ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ജനാധിപത്യ പാർട്ടി ആണെന്നുമുള്ള സർട്ടിഫിക്കറ്റും അദ്ദേഹം നൽകി. സിപിഎമ്മിന്റെ മംഗളപത്ര വായനയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞു യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്നു ലീഗ് പ്രഖ്യാപിച്ചെങ്കിലും സിപിഎം വച്ച കാൽ പൂർണമായും പിന്നോട്ടുവച്ചിട്ടില്ല. ലീഗിനെ എൽഡിഎഫ് പാളയത്തിൽ എത്തിക്കുക ഒട്ടും എളുപ്പമല്ലെന്ന് അവർക്ക് അറിയാം. പക്ഷേ ലീഗിൽ തന്നെ അസ്വസ്ഥതകൾ വളർത്താം, അണികളിൽ ഒരു വിഭാഗത്തെ ആകർഷിക്കാം, യുഡിഎഫിന് ആശയക്കുഴപ്പം ഉണ്ടാക്കാം–യുസിസിയിലെ സിപിഎം ഉന്നം ഇതു തന്നെയാണ്. സമസ്ത ഉൾപ്പെടെയുളള സംഘടനകളെ യുസിസിക്കെതിരെയുള്ള പ്രചാരണത്തിൽ അണിനിരത്താനുള്ള സിപിഎമ്മിന്റെ ശ്രമവും ഇതിന്റെ ഭാഗം തന്നെ.
ഏക സിവിൽ കോഡിന്റെ പേരിൽ ഭൂരിപക്ഷ വികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന ബിജെപിയും ന്യൂനപക്ഷ വികാരം മുതലാക്കാൻ നോക്കുന്ന സിപിഎമ്മും ചുരുക്കത്തിൽ വർഗീയ ധ്രുവീകരണമാണു ലാക്കാക്കുന്നതെന്ന മറുപ്രചാരണം അഴിച്ചുവിടാനാണു കോൺഗ്രസ് ഒരുങ്ങുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം