മലപ്പുറം: താനൂരിൽ നടന്ന ബോട്ടപകടത്തെക്കുറിച്ച് പഠിക്കാൻ വെൽഫെയർ പാർട്ടി നിയോഗിച്ച വസ്തുതാന്വേഷണ കമ്മീഷൻ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് ‘താനൂർ ബോട്ടപകടം: അധികാര ദുർവിനിയോഗം തീർത്ത കൂട്ടക്കൊല’ എ്ന്ന പേരിൽ പുറത്തിറക്കി. ബോട്ടിന്റെ അശാസ്ത്രീയ നിർമ്മിതിയോടൊപ്പം അധികാര-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ അവിഹിത ഇടപെടലുകളും ഈ ദുരന്തത്തിന് കാരണമായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.
ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, താനൂർ എംഎൽഎയും മന്ത്രിയുമായ വി. അബ്ദുറഹ്‌മാൻ, തുറമുഖം വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ എന്നിവർ ദുരന്തത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വെക്കണം, തുറമുഖം, ഫിഷറീസ്, ടൂറിസം, ഉൾനാടൻ ജലഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ബോട്ട് നിർമാണം, രജിസ്‌ട്രേഷൻ, യാത്രാനുമതി, ലൈസൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നരഹത്യക്ക് കേസെടുക്കുക. അനധികൃതമായി ബോട്ട് നിർമിച്ച് സർവീസ് നടത്തുതിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരിക, നരഹത്യക്ക് കേസെടുക്കുക, അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ അനുവദിക്കുക. മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുക, എന്നിവയുൾപെടെ 14 ആവശ്യങ്ങളാണ് അന്വേഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ വെൽഫെയർ പാർട്ടി സർക്കാറിനോട് ഉന്നയിച്ചിരിക്കുന്നത്.
റിപ്പോർട്ട് വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം ഇ.സി. ആയിഷ പ്രകാശനം ചെയ്തു. ജില്ലാട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, വസ്തുതാന്വേഷണ സംഘം കൺവീനർ സി.പി. ഹബീബുറഹ്‌മാൻ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് വൈലത്തൂർ, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, അബ്ദുൽ ലത്തീഫ് താനൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.