കോഴിക്കോട്: ഷാർജ അൽ ഖാസിമിയ്യ യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിൽ മികച്ച നേട്ടവുമായി മർകസ് പൂർവ്വ വിദ്യാർത്ഥികൾ. മുശ്താഖ് അഹ്‌മദ് എപി, മുഹമ്മദ് ശിബിലി, മുഹമ്മദ് സുഹൈൽ എന്നിവരാണ് അറബിക് ലാംഗ്വേജ്& ലിറ്ററേച്ചർ, ഖുർആൻ സയൻസ് വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. 95 ശതമാനത്തിലേറെ മാർക്ക് നേടി മുഹമ്മദ് ശിബിലി ജേതാക്കൾക്കുള്ള യുഎഇ ഗോൾഡൻ വിസക്കും അർഹനായി. മർകസിലും കേരളത്തിലെ പ്രമുഖ മത കലാലയങ്ങളിലും പഠിക്കുന്നതിനിടെ മർകസിന്റെ വിദ്യാഭ്യാസ വിനിമയ പദ്ധതിയിലൂടെയാണ് ഇവർ അൽഖാസിമിയ്യ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയത്. 2018 മുതൽ നിരവധി മർകസ് വിദ്യാർത്ഥികളാണ് ഇത്തരത്തിൽ അൽ ഖാസിമിയ്യയിൽ പ്രവേശനം നേടിയിട്ടുള്ളത്. വിജയികളെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, നോളേജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി അഭിനന്ദിച്ചു.