റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായെത്തി ജീവിതം മാറിയ താരങ്ങളിൽ ഒരാളാണ് നടി മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തുടർന്ന് മറിമായം എന്ന ഹാസ്യപരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം മലയാള സിനിമയുടെയും ഭാഗമായി. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായും ശ്രദ്ധനേടി. ഇപ്പോള്‍ അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയിലാണ് മഞ്ജു അഭിനയിക്കുന്നത്.
അളിയൻസിൽ തങ്കം എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. അനീഷ് രവി, സൗമ്യ ഭാഗ്യനാഥൻ, റിയാസ് നർമകല, സേതു ലക്ഷ്മി തുടങ്ങിയവരാണ് അളിയൻസിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള പരമ്പരയാണ് അളിയൻസ്. അതുകൊണ്ട് തന്നെ സെറ്റിലെ വിശേഷങ്ങളൊക്കെ മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മഞ്ജു പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. നടി ഉണ്ണി മേരി അളിയൻസ് സെറ്റിൽ എത്തിയതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ടാണ് മഞ്ജുവിന്റെ പോസ്റ്റ്. 70കളിലും 80കളിലും മലയാള സിനിമയിൽ ഗ്ലാമർ വേഷങ്ങളിലടക്കം നിറഞ്ഞുനിന്നിരുന്ന നടിയാണ് ഉണ്ണി മേരി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഉണ്ണി മേരിയുടെ വരവെന്ന് മഞ്ജു പറയുന്നു.
“ഒരു ദിവസം… ഒരു ഉച്ചയ്ക്ക്…. ഭക്ഷണത്തിന് ശേഷം എല്ലാവരും ചെറിയ കളിചിരികളും നുണക്കഥകളും ഒക്കെയായിരിക്കുന്ന സമയത്ത് ഡയറക്ടറുടെ ഫോണിലേക്ക് ഒരു കോൾ വരുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ ഭയങ്കരമായ അത്ഭുതം.. സ്വതവേ ഒട്ടും എക്സ്പ്രസിവ് അല്ലാത്ത അദ്ദേഹം കണ്ണുമിഴിക്കുന്നത് എന്താണെന്ന് ഞങ്ങൾ എല്ലാവരും ആലോചിച്ചു… ഫോൺ കട്ട് ചെയ്തതിനുശേഷം അദ്ദേഹം പറഞ്ഞു എന്നെ വിളിച്ചത് ഉണ്ണിമേരി ചേച്ചിയാണ്.
Read More:ബിഗ് ബോസ് ഹൗസിൽ ഫാമിലി വീക്കിന്റെയിൽ; സെറീനയ്ക്ക് അമ്മയുടെ ഉപദേശം
അദ്ദേഹത്തിൻറെ കണ്ണിലുണ്ടായ അത്ഭുതം അതുകേട്ടപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകളിൽ വിരിഞ്ഞു… തങ്കവും ക്ലീറ്റയും മുത്തും ലില്ലിയും കനകനും അമ്മാവനും അമ്മായിയും അളിയൻസിലെ ഓരോ ചെറിയ ക്യാരക്ടർസ് ചെയ്യുന്നവർ പോലും അവരുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് പറയാനാണ് അവർ അന്ന് വിളിച്ചത്… സന്തോഷം കൊണ്ടോ അഭിമാനം കൊണ്ടോ എന്നറിയില്ല അന്ന് ഞങ്ങളുടെയും കണ്ണുകൾ നിറഞ്ഞു… പിന്നീടും ഇടയ്ക്കിടയ്ക്ക് ഉണ്ണിമേരി ചേച്ചി ഞങ്ങളെ വിളിക്കും.

ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു ഞാൻ നാളെ വരികയാണ് എനിക്ക് നിങ്ങളെ കാണാതിരിക്കാൻ വയ്യ.. അപ്പോഴും കരുതി വെറുതെ പറയുന്നതായിരിക്കും ഞങ്ങളെ കാണാൻ വേണ്ടി മാത്രം എറണാകുളത്തുനിന്ന് വണ്ടികയറി തിരുവനന്തപുരത്ത് ഞങ്ങളുടെ പാങ്ങോട് വീട്ടിൽ.. വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് അവർ വരില്ലായിരിക്കും…. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ഒരുകാലത്തെ ആ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു.
ഞങ്ങളെ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു.. കവിളിൽ ഉമ്മ തന്നു ഒരുപാട് സമയം കളികളും ചിരികളുമായി പഴയ കഥകൾ പറഞ്ഞ് ഞങ്ങളോടൊപ്പം ചിലവഴിച്ചു.. ഞങ്ങൾ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു… വൈകുന്നേരത്തെ കട്ടൻ ചായയും കുടിച്ച് ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞങ്ങളുടെ ആരോ പോയത് പോലെയാണ് തോന്നിയത്.

എന്റെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലെ വേറിട്ട അനുഭവമാണ് അളിയൻസ്…. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് നീല ഗേറ്റും മിലിറ്ററി ക്യാമ്പിലെ ആർച്ചും കണ്ടുപിടിച്ച ഒരുപാട് ആളുകൾ ഞങ്ങളെ കാണാൻ വരാറുണ്ട്.. അവരെല്ലാം വരുമ്പോൾ അവരുടെ തോന്നൽ തിരുവനന്തപുരം പാങ്ങോട് താമസിക്കുന്ന അവരുടെ ബന്ധുക്കളെ കാണാൻ പോകുന്നു എന്നാണ്… അതുകൊണ്ടുതന്നെ ഞങ്ങൾക്ക് മുട്ടായിയും ലഡുവും പഴങ്ങളും എല്ലാം കൊണ്ട് തരും… കുറേനേരം ഞങ്ങളോട് സംസാരിക്കും.
ക്ലീറ്റോയെ വഴക്ക് പറയും, തങ്കത്തിന് നല്ല അടിയുടെ കുറവാണെന്ന് പറയും മുത്തിനെ വഴക്കു പറയല്ലേ എന്ന് പറയും അങ്ങനെ അങ്ങനെ…. ഇതിനു തക്ക എന്ത് പുണ്യമാണ് ജീവിതത്തിൽ ചെയ്തതെന്ന് അറിയില്ല….. നിങ്ങൾ ഓരോരുത്തരെയും കാണാനും സ്വീകരിക്കാനും പാങ്ങോട് വീട്ടിൽ ഞങ്ങൾ ഇനിയും ഉണ്ടാകും… വരണം ഒരുപാട് സ്നേഹം….”, മഞ്ജു പത്രോസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















