ഉപഭോക്താക്കളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് റിയല്‍മി. ഡിഫോള്‍ട്ട് ആയി ഓണ്‍ ആയിരുന്ന ‘എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ്’ എന്ന സംവിധാനം ഡിഫോള്‍ട്ട് ആയി ഓഫ് ആക്കുന്ന അപ്‌ഡേറ്റ് ആണിത്. ഉപഭോക്താവ് ഓണ്‍ ആക്കാതെ ഈ ഫീച്ചര്‍ ഇനി പ്രവര്‍ത്തിക്കില്ല.
റിയല്‍മി 11 പ്രോ, റിയല്‍മി 11 പ്രോ പ്ലസ് തുടങ്ങിയ ഫോണുകളില്‍ ഈ അപ്‌ഡേറ്റ് എത്തിയിട്ടുണ്ട്. ഇത് കൂടാതെ കോള്‍ ലോഗുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവ ഇനി ശേഖരിക്കില്ലെന്നും പുതിയ അപ്‌ഡേറ്റില്‍ കമ്പനി വ്യക്തമാക്കുന്നു.
ഋഷി ബാംഗ്രേ എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ച ട്വീറ്റാണ് വൈറലായത്. ഉപഭോക്താക്കളുടെ അനുമതിയില്ലാതെ റിയല്‍മി ഫോണ്‍ ഉപയോഗം സംബന്ധിച്ച വിവരങ്ങളും, എസ്എംഎസ്, കോള്‍ ലോഗ് ഉള്‍പ്പടെയുള്ള വിവരങ്ങളും ശേഖരിക്കുന്നുവെന്നായിരുന്നു ആരോപണം. ഇത് ഡിഫോള്‍ട്ട് ആയി ഓണ്‍ ആണ് എന്നതാണ് ഇതിലെ പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. ഉപഭോക്താവ് ഇങ്ങനെ ഒരു ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നില്ല.
ഈ ട്വീറ്റ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ശ്രദ്ധയില്‍പ്പെടുകയും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.ശേഖരിക്കുന്ന വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ഫോണില്‍ തന്നെയാണ് സൂക്ഷിക്കുന്നത് എന്നും ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് അവ ഉപയോഗിക്കുന്നത് എന്നുമായിരുന്നു റിയല്‍മിയുടെ പ്രതികരണം.
read also: കുന്നംകുളത്ത് ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു
റിയല്‍മിയുടെ മാതൃസ്ഥാപനമായ ബിബികെ ഇലക്ട്രോണിക്‌സിന് കീഴിലുള്ള മറ്റ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളായ വണ്‍പ്ലസ്, ഓപ്പോ ഫോണുകളിലും ഇതേ എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് ഡിഫോള്‍ട്ട് ആയി ഓണ്‍ ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നു.
എന്തായാലും ഉപഭോക്താവിന്റെ അനുമതിയില്ലാതെ, ഡിഫോള്‍ട്ട് ആയി ഫീച്ചര്‍ ഓണ്‍ ആക്കിവെക്കുന്നു എന്ന ആരോപണം ഗുരുതരമാണെന്ന തിരിച്ചറിവായിരിക്കണം പുതിയ അപ്‌ഡേറ്റ് പുറത്തിറക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്. സംഭവത്തില്‍ സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും നടപടി ഇനിയുണ്ടാവുമോ എന്ന് വ്യക്തമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം