കോഴിക്കോട്: വിദ്യാർത്ഥികളുടെ ബൗദ്ധികവും സർഗാത്മകവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ കീഴിൽ ഒരുക്കുന്ന സാഹിത്യ സംഗമങ്ങൾക്ക് ഔദ്യോഗിക തുടക്കം. സ്വിച്ച് ഓൺ എന്ന പേരിൽ നടന്ന ചടങ്ങ് മർകസ് സീനിയർ മുദരിസ് വിപിഎം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. നവീന ആശയങ്ങളെയും യുക്തിവാദങ്ങളെയും കൃത്യമായി പ്രതിരോധിക്കാൻ പ്രാപ്തിയുള്ള പണ്ഡിതർ മഹല്ലുകൾ തോറും വളർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതങ്ങൾക്കിടയിൽ തെറ്റിധാരണകൾ ഉടലെടുക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇസ്‌ലാമിന്റെ സൗന്ദര്യം സമൂഹത്തിൽ അടയാളപ്പെടുത്താൻ മതം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാധിക്കണം. സദസ്സും സാഹചര്യവും കണക്കിലെടുത്ത് സംസാക്കുന്നവനാണ് നല്ല പ്രഭാഷകനെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അഹ്മദ് ജമലുല്ലൈലി കൂരിയാട് അധ്യക്ഷത വഹിച്ചു. അബ്ദുസ്സത്താർ കാമിൽ സഖാഫി മൂന്നിയൂർ, അബ്ദുൽ കരീം മുസ്‌ലിയാർ, താജുദ്ദീൻ കുട്ടിപ്പാറ സംബന്ധിച്ചു.