പ്രസിദ്ധമായി കാഞ്ചീപുരം കാഞ്ചീപുരം എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് നല്ല കാഞ്ചീപുരം പട്ടുസാരി ആയിരിക്കും. പല വർണങ്ങളിൽ, കാലങ്ങളായി സ്ത്രീകളുടെ മനസ്സു കീഴടക്കുന്ന പട്ടുസാരികൾ. കാഞ്ചീപുരത്തെ പലരും അറിയുന്നതുപോലും പട്ടിന്റെ നാടെന്നാണ്. എന്നാൽ കാഞ്ചീപുരം വൈവിധ്യങ്ങളുടെ നാടു കൂടിയാണ്. സമ്പന്നമായ സംസ്കാരവും പരമ്പരാഗതമായി കൈമാറിക്കിട്ടിയ വാസ്തുവിദ്യകളുടെ നേർക്കാഴ്ചകളും എല്ലാം നിറഞ്ഞ അതിമനോഹരമായ ഒരു നാട്. അതുകൊണ്ടാണ് കാഞ്ചീപുരത്തെ സാംസ്കാരിക അനുഭവങ്ങളുടെ കലവറ എന്നു വിളിക്കുന്നത്. മനോഹരമായ പട്ടുസാരികൾക്കൊപ്പം കൊത്തുപണികൾ നിറഞ്ഞ ക്ഷേത്രങ്ങളുടെ പേരിലും കാഞ്ചീപുരം പ്രസിദ്ധമാണ്. ഒരു യാത്ര പോകാം നമുക്ക്, പട്ടിന്റെ ആ വഴിയിലൂടെ.
ക്ഷേത്രവും കൈത്തറിയും ഒന്നിക്കുന്ന നഗരം
ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നാണ് കാഞ്ചീപുരം അറിയപ്പെട്ടിരുന്നത്. സിറ്റി ഓഫ് ടെംപിൾസ് എന്നുകൂടി വിളിക്കപ്പെടുന്ന കാഞ്ചീപുരത്ത് നിരവധി ക്ഷേത്രങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഓരോ ക്ഷേത്രത്തിനും പറയാൻ ഒരായിരം കഥകളുണ്ട്. തലയെടുപ്പോടെ നിൽക്കുന്ന വാസ്തുവിദ്യ അദ്ഭുതങ്ങളുണ്ട് കാഞ്ചീപുരം നഗരത്തിനുള്ളിൽ. ചെന്നൈയിൽ നിന്ന് 70 കിലോമീറ്റർ ദൂരത്താണ് കാഞ്ചീപുരം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങൾക്കൊപ്പം വഴികളിൽ മുഴുവനും നെയ്ത്തുകാരുടെയും വീടുകളും പണിപ്പുരകളും കാണാനാകുന്ന ഒരേ ഒരു നാട് കൂടിയായിരിക്കും കാഞ്ചീപുരം.
സിറ്റി ഓഫ് ടെംപിൾസ്
കാഞ്ചീപുരത്തെ ഏറ്റവും പ്രസിദ്ധമായ അമ്പലങ്ങളിൽ ഒന്നാണ് കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രം. തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ ഒരു ദേവീക്ഷേത്രവും ഭാരതത്തിലെ പ്രധാന ശക്തിപീഠങ്ങളിൽ ഒന്നുമാണ് ഇത്. പല്ലവരാജവംശ കാലത്താണ് ഈ ക്ഷേത്രം നിർമിക്കപ്പെടുന്നത്. കാഞ്ചീപുരമായിരുന്നു പല്ലവരുടെ തലസ്ഥാനം. സപ്തമോക്ഷപുരികളിൽ ഒന്നാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. അഞ്ച് ഏക്കറിൽ സ്ഥാപിക്കപ്പെട്ട മഹാക്ഷേത്രത്തിനു നാലു വശത്തും വലിയ അലങ്കാര ഗോപുരങ്ങളുമുണ്ട്. വരദരാജ ക്ഷേത്രം, കാഞ്ചി കൈലാസനാഥർ ക്ഷേത്രം, വൈകുണ്ഡ പെരുമാൾ ക്ഷേത്രം എന്നിവയും ഇവിടെ കാണേണ്ട ക്ഷേത്രങ്ങൾ തന്നെയാണ്.
Read More:കാറിനും ഹെൽമെറ്റോ? പിഴ ഇടാക്കി സർക്കാർ
വരദരാജ ക്ഷേത്രത്തിന്റെ ചുവരുകളിൽപ്പോലും ചരിത്രം ആഴത്തിൽ പതിഞ്ഞു കിടക്കുന്നു. കാഞ്ചീപുരത്ത് സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നു ചരിത്രം തന്നെ. പത്താം നൂറ്റാണ്ടിൽ വിജയനഗര രാജവംശത്തിലെ ഭരണാധികാരികൾ പണികഴിപ്പിച്ച ഈ ക്ഷേത്രം കല്ല്യാണമണ്ഡപം എന്നു വിളിക്കപ്പെടുന്ന, 1,000 തൂണുകളുള്ള സ്മാരകങ്ങൾക്കു പേരുകേട്ടതാണ്.
കൈലാസനാഥർ ക്ഷേത്രമാണ് മറ്റൊരു ആകർഷണം. കൊത്തുപണികൾ നിറഞ്ഞ, കല്ലിൽ തീർത്ത വിസ്മയം എന്നുതന്നെ വിളിക്കാം ഈ ക്ഷേത്രത്തെ. കാഞ്ചീപുരത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നായ ഇത് എട്ടാം നൂറ്റാണ്ടിൽ പല്ലവ രാജവംശമാണ് നിർമിച്ചത് എന്നു പറയപ്പെടുന്നു.
കാഞ്ചീപുരത്തെ ക്ഷേത്രങ്ങളിൽ മിക്കതും ആയിരം തൂണുകളാൽ സമ്പന്നമാണ്. ഏകാംബരേശ്വര ക്ഷേത്രത്തിനകത്തേക്കു കടന്നാൽ നമ്മെ കാത്തിരിക്കുന്നത് ആയിരം തൂണുകളുള്ള വലിയൊരു ഗോപുരമാണ്. അതിപുരാതനമായ ചിത്രപ്പണികളും ശിൽപങ്ങളും സഞ്ചാരികളെ മാത്രമല്ല ചരിത്രാന്വേഷികളെ കൂടി ഈ ക്ഷേത്രാങ്കണത്തിലേക്ക് എത്തിക്കുന്നു.
പട്ടിന്റെ വഴിയിലൂടെ
കാഞ്ചീപുരം പട്ടിനെക്കുറിച്ച് പറയാതെ എങ്ങനെ ഈ നാടിന്റെ കഥ പറയും? ഇന്ത്യയിലെ നെയ്ത്തിന്റെ മേൽവിലാസമാണ് കാഞ്ചീപുരം. ഇവിടെ പിറക്കുന്ന പട്ടുസാരികളിലെ കലാവിരുതും ചാരുതയും ആ നാടിന്റെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്നു. കരിങ്കല്ലിൽ കൊത്തിയ ക്ഷേത്ര ചുമരുകളും പട്ടുസാരികളിൽ കൊത്തിയ ചിത്രപ്പണികളും ഒരുപോലെ ക്ലാസിക്കൽ ടച്ചുള്ളതാണ്. 5,000 ത്തിൽ അധികം കുടുംബങ്ങൾ കാഞ്ചീപുരത്തു മാത്രം പട്ടുസാരി നെയ്ത്ത് തൊഴിലായി സ്വീകരിച്ചവരാണെന്നാണ് കണക്കുകൾ. അറുപതിനായിരത്തിലധികം നെയ്ത്തുകാരുണ്ട് ഇവിടെ. അനുബന്ധ തൊഴിലാളികൾ ആയിരത്തോളം വേറെയും. പാക്കിങ് മുതൽ വിൽപന വരെ നീളുന്നതാണ് കാഞ്ചീപുരത്തിന്റെ സിൽക്ക് റൂട്ട്.
നമ്മൾ ഒരു യാത്ര പുറപ്പെടുമ്പോൾ ഒരു പ്രത്യേക സ്ഥലം മാത്രമായിരിക്കും ലക്ഷ്യം. എന്നാൽ കാഞ്ചീപുരം മുഴുവൻ കാണാനുള്ളതാണ്, ക്ഷേത്രങ്ങളും വാസ്തുവിദ്യയും വഴിത്താരകളും സദാ സംഗീതം ഒഴുകുന്ന വഴികളും സ്വപ്നത്തിൽ എന്നപോലെ കൊത്തുപണികൾ നിറഞ്ഞ ക്ഷേത്രങ്ങളുടെയും മറ്റും കാഴ്ചകളും. വളഞ്ഞും തിരിഞ്ഞും പോകുന്ന വഴികളിലൂടെ നിങ്ങൾ നടക്കുമ്പോൾ പലയിടത്തും വഴിനീളെ പല വർണ്ണങ്ങളിലുള്ള നൂലുണക്കുന്നതും ചുറ്റുന്നതും കാണാം. ഇടയ്ക്കൊരു അമ്പലം, തിരക്കുള്ള ഇട റോഡുകൾ ഇങ്ങനെയാണ് കാഞ്ചീപുരത്തിന്റെ കാഴ്ച. ഇവിടുത്തെ ഓരോ കുടുംബത്തിലെയും സ്ത്രീപുരുഷന്മാർ നെയ്ത്തിലും അതിനോട് ചേർന്നുള്ള ജോലികളിലും ഏർപ്പെട്ടിരിക്കുന്നത് കാണാം , വീണ്ടും അടുത്ത ഇടനാഴിയിലേക്ക് ഇറങ്ങുമ്പോൾ ഇതേ കാഴ്ചകൾ ആവർത്തിക്കപ്പെടുന്നു. ഇങ്ങനെയൊരു തുടർച്ച കൂടിയാണ് കാഞ്ചീപുരത്തെ ഊടും പാവും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം