ജബൽപുർ: സ്ത്രീകൾക്കു പ്രതിമാസം 1500 രൂപനൽകുന്ന പദ്ധതിയടക്കം മധ്യപ്രദേശ് ജനതയ്ക്ക് അഞ്ച് പുതിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജബല്‍പുർ ജില്ലയിൽ ആരംഭിച്ച തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. 2023 നവംബറിലാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്തെ എല്ലാ വനിതകള്‍ക്കും 1,500 രൂപ ധനസഹായം, ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് ഒരു എല്‍.പി.ജി. സിലിണ്ടര്‍, നൂറ് യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായും 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്കും നല്‍കും, കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളും, പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും എന്നീ അഞ്ച് വാഗ്ദാനങ്ങളാണ് പ്രിയങ്ക പ്രഖ്യാപിച്ചത്.
“അവര്‍ ഇവിടെ വന്ന് പ്രഖ്യാപനങ്ങള്‍ നടത്തും. എന്നാല്‍ നടപ്പാക്കുകയില്ല. അവര്‍ ഡബിള്‍ എന്‍ജിനെ കുറിച്ചും ട്രിപ്പിള്‍ എന്‍ജിനെ കുറിച്ചും പറയും. അവര്‍ ഇതേകാര്യം ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും പറഞ്ഞു. എന്നാല്‍ ഡബിള്‍ എന്‍ജിനെ കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തിയിട്ട് പ്രവര്‍ത്തിച്ചു കാണിക്കാന്‍ ജനങ്ങള്‍ അവരോടു പറഞ്ഞു”, ബി.ജെ.പിയെ ഉന്നംവെച്ച് പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് അധികാരത്തിൽ വരുമായിരുന്നു. പക്ഷേ, ബിജെപി കുതിരക്കച്ചവടത്തിലൂടെ അധികാരം കൈക്കലാക്കിയതാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ‘ഇവിടെ നിരവധി അഴിമതികൾ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തി കാണിച്ച ലിസ്റ്റിനേക്കാൾ എത്രയോ വലുതാണ് ഇവിടത്തെ അഴിമതി. ഉജ്ജയിനിയിലെ മഹാകാൽ ലോക് ഇടനാഴിയുടെ നിർമാണത്തിലും അഴിമതി നടന്നിട്ടുണ്ട്.’- പ്രിയങ്ക വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങളും ഇതിനോടകം തന്നെ നടപ്പാക്കി എന്നും പ്രിയങ്ക വ്യക്തമാക്കി. ഛത്തീസ്ഗഢിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കിയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















