അഹമ്മദാബാദ്: ഗര്‍ഭഛിദ്രം ആവശ്യപ്പെട്ടെത്തിയ ബലാത്സംഗത്തെ അതിജീവിച്ച, പ്രായപൂർത്തിയാകാത്ത അതിജീവിതയോട് മനുസ്മൃതി വായിക്കാൻ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി. പെണ്‍കുട്ടികള്‍ 14-15 വയസ്സില്‍ വിവാഹം കഴിക്കുന്നതും 17 വയസ്സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതും പണ്ട് സാധാരണമായിരുന്നുവെന്ന് വാക്കാല്‍ ഹൈക്കോടതി പരാമര്‍ശം നടത്തി.
ലൈംഗിക പീഡനത്തെ തുടർന്ന് ഗർഭിണിയായ 17 വയസുകാരിയാണ് ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ്. പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഗർഭഛിദ്രം അനുവദിക്കണമെന്ന ഹർജിയിൽ ജസ്റ്റീസ് സമീർ ജെ. ദവെയാണ് വിവാദ പരാമർശം നടത്തിയത്.
ഏഴു മാസം കഴിഞ്ഞപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പിതാവ് അറിയുന്നത്. ഇതോടെ പിതാവ് ഗർഭഛിദ്രം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ അഭിഭാഷകൻ ഗർഭഛിദ്ര ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു ജസ്റ്റീസ് സമീർ ജെ. ദവെ മനുസ്മൃതി വായിക്കാൻ വാക്കാൽ പരാമർശിച്ചത്.
Read more: മാവേലിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
“നമ്മള് 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ അമ്മയോടോ മുത്തശ്ശിയോടോ ചോദിക്കൂ. 14-15 വയസ്സായിരുന്നു (വിവാഹം കഴിക്കാനുള്ള) പരമാവധി പ്രായം. 17 വയസ്സിന് മുമ്പായി കുട്ടി ജനിക്കും. ആൺകുട്ടികൾക്ക് മുമ്പ് പെൺകുട്ടികൾ പക്വത പ്രാപിക്കുന്നു. ഇതറിയാന്‍ ഒരിക്കലെങ്കിലും മനുസ്മൃതി വായിക്കുക”.- ജസ്റ്റീസ് സമീർ ജെ. ദവെ പറഞ്ഞു.
“അമ്മയ്ക്കോ ഭ്രൂണത്തിനോ എന്തെങ്കിലും ഗുരുതരമായ അസുഖമുണ്ടെങ്കിൽ, കോടതി തീർച്ചയായും പരിഗണിക്കാം. എല്ലാം നോര്മലാണെങ്കില് കോടതിക്ക് ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്”- ജഡ്ജി പറഞ്ഞു. അബോര്‍ഷനിടെ കുഞ്ഞ് ജീവനോടെ ജനിക്കാനുള്ള സാധ്യതയെക്കുറിച്ചും ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. ദത്തുനല്കല് എന്ന സാധ്യത അന്വേഷിക്കാൻ അഭിഭാഷകനോട് കോടതി നിർദേശിച്ചു.
പെൺകുട്ടിയെ വൈദ്യപരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. അടിയന്തരമായി ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് പെൺകുട്ടിയെ വൈദ്യപരിശോധന നടത്താൻ രാജ്കോട്ടിലെ ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയ ശേഷമേ ഹർജിയിൽ കോടതി തീരുമാനമെടുക്കൂ. കേസിൽ അടുത്ത വാദം കേൾക്കുന്നത് ജൂൺ 15 ലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം