കമ്പം (തമിഴ്നാട്): ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ തുറന്നുവിടുമെന്ന് തമിഴ്നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ. അരിക്കൊമ്പനെ ഇന്നു തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിൽ ആനയെ മുൻപ് നിശ്ചയിച്ചതനുസരിച്ച് കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ തുറന്നുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
read more: അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി; കേരളത്തിന് കൈമാറണമെന്ന് ഹര്‍ജി
നേരത്തെ, എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നതു തടഞ്ഞെന്നായിരുന്നു റിപ്പോർട്ട്. ഹർജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിലക്കേർപ്പെടുത്തിയത്. ‘അരിക്കൊമ്പൻ മിഷനും’ കോടതി മരവിപ്പിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റബേക്ക ഹർജി നൽകിയത്.
അതേസമയം, അരിക്കൊമ്പനെ കൂടുതൽ സമയം ലോറിയിൽ നിർത്താനാകില്ലെന്ന് കേരള വനംമന്ത്രി എ.കെ.ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കോടതി കേരളത്തിന്റെ അഭിപ്രായം തേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam