ന്യൂഡൽഹി: ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. ഇതു സംബന്ധിച്ച് വ്യോമയാന മന്ത്രാലയമാണ് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്.
നിരക്ക് അസാധാരണമായ രീതിയിൽ വർധിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നാണ് കമ്പനികൾക്കുള്ള നിർദേശം.
ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ടിക്കറ്റുകൾ റദ്ദാക്കുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യുന്നവരിൽ നിന്ന് പിഴയീടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
Read more: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റവരുമായി പോയ ബസ് ബംഗാളിൽ അപകടത്തിൽപ്പെട്ടു
അതേസമയം, ബലസോറിൽ നിന്ന് ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റ യാത്രക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. ശനിയാഴ്ച ബംഗാളിലെ മെദിനിപൂരിലാണ് അപകടമുണ്ടായത്. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യാത്രക്കാരുമായി പോയ ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി പേർക്ക് വീണ്ടും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
പരിക്കേറ്റവരെ രക്ഷപ്പെടുത്തി മറ്റ് വാഹനങ്ങളിൽ പശ്ചിമബംഗാളിലെ വിവിധ ആശുപത്രികളിലേക്ക് അയക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.