നിങ്ങളുടെ ഫോണ്‍ തനിയേ ലോക്ക് തുറന്ന നിലയില്‍ കാണപ്പെടാറുണ്ടോ? ഗോസ്റ്റ് ടച്ച് എന്നു വിളിക്കുന്ന ഒരു രീതി വഴി ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായിരിക്കാം ഇതിനു പിന്നില്‍. നോര്‍ഡ് വിപിഎന്നാണ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇങ്ങനെയൊരു കാര്യം കൂടി ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുന്നത്. വൈദ്യുത കാന്തിക തരംഗങ്ങളുടെ സഹായത്തില്‍ ടച്ച് സ്‌ക്രീനില്‍ ‘തൊട്ടാണ്’ ഹാക്കര്‍മാര്‍ നമ്മുടെ ഫോണ്‍ തുറക്കുന്നത്. ഇതിന് പ്രത്യേകിച്ച് മാല്‍വെയറുകളുടെ പോലും സഹായം ആവശ്യമില്ല. ലൈബ്രറി, കഫേ, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലാണ് ഹാക്കര്‍മാര്‍ ഈ രീതി ഉപയോഗിച്ച് ഇരകളെ കണ്ടെത്തുന്നത്. മേശയിലും മറ്റും സ്മാര്‍ട് ഫോണുകള്‍ കമിഴ്ത്തി വെക്കുന്ന സാഹചര്യമുണ്ടെങ്കിലും പോക്കറ്റിലോ ബാഗിലോ സ്‌ക്രീന്‍ കാണാത്തവിധം വച്ചിട്ടുണ്ടെങ്കിലും ഹാക്കര്‍മാര്‍ക്ക് പണി തുടങ്ങാനാവും.
നിങ്ങള്‍ ഇരിക്കുന്നതിന് സമീപത്ത് ഹാക്കര്‍മാര്‍ നേരത്തേ തന്നെ ഹാക്കിങ്ങിനു വേണ്ട ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കും. ഈ ഹാക്കിങ്ങിന് ഇരയാവുന്നവര്‍ക്ക് പലപ്പോഴും തങ്ങളുടെ ഉപകരണങ്ങള്‍ ഹാക്കു ചെയ്യപ്പെട്ടെന്ന് തിരിച്ചറിയുക പോലും എളുപ്പമാവില്ല. ഹാക്കിങ്ങിനായി സ്ഥാപിച്ച ഉപകരണത്തിന്റെ നാലു സെന്റിമീറ്റര്‍ അടുത്ത് സ്മാര്‍ട് ഫോണ്‍ എത്തിയാല്‍ നിങ്ങളുടെ സ്മാര്‍ട് ഫോണിന്റെ മോഡലും പാസ്‌കോഡ് അടക്കമുള്ള വിശദാംശങ്ങളും ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താനാവും.
ഇതിനു ശേഷമാണ് വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് ഫോണില്‍ കൃത്രിമമായി തൊടുന്നത്. ഐഫോണ്‍ എസ്ഇ (2020), സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5ജി, റെഡ്മി 8, നോക്കിയ 7.2 എന്നു തുടങ്ങി ഒമ്പതു മോഡലുകളില്‍ ഗോസ്റ്റ് ടച്ച് വഴി വിവരങ്ങള്‍ ചോര്‍ത്താനാവുമെന്ന് തെളിഞ്ഞിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല ഇത്തരം ഹാക്കിങ്ങിനു വിധേയമായ ഫോണുകളിലേക്കു വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കാനും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം ചോര്‍ത്തിയെടുക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും.
ഹാക്കര്‍മാരുടെ ഈ ഗോസ്റ്റ് ടച്ച് ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്മാര്‍ട് ഫോണില്‍ ടു ഫാക്ടർ ഓതന്റിക്കേഷൻ സുരക്ഷ ഉറപ്പു വരുത്തണമെന്നാണ് നോര്‍ഡ് വിപിഎന്‍ നിര്‍ദേശിക്കുന്നത്. പാസ്‌വേഡിനൊപ്പം ഫേഷ്യല്‍ റെക്കഗ്നിഷനോ വിരലടയാള പരിശോധനയോ കൂട്ടിച്ചേര്‍ത്താല്‍ ഒരു പരിധി വരെ ഈ സൈബര്‍ ആക്രമണങ്ങളെ ചെറുക്കാനാവും. സ്മാര്‍ട് ഫോണുകള്‍ അപ്‌ഡേറ്റാണെന്ന് ഉറപ്പുവരുത്തുന്നതും ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു