നിങ്ങള്‍ ഒരിക്കലും ഒരു സേര്‍ച്ച് എൻജിന്‍ ഉപയോഗിക്കില്ല. ഒരിക്കലും സാധനങ്ങള്‍ വാങ്ങാന്‍ ആമസോണില്‍ പോകില്ല,’ ഇന്റര്‍നെറ്റിന് ഉടനെ വരാവുന്ന രണ്ട് സുപ്രധാന മാറ്റങ്ങളെ കുറിച്ച് പ്രവചിക്കുകയാണ് മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ്. മഹാമാരിയുടെ വരവ് പോലും നേരത്തേ പ്രവചിച്ച് ഗേറ്റ്‌സ് ശ്രദ്ധ നേടിയിരുന്നു. ടെക്‌നോളജി മേഖല ഏറ്റവും മികച്ച ‘ ആര്‍ട്ടിഫിഷ്യലി ഇന്റലിജന്റ് ഏജന്റിന്റെ’ നിര്‍മാണത്തിലാണിപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്. ഇതിന്റെ വരവ് ഇപ്പോഴത്തെ ഇന്റര്‍നെറ്റ് സേര്‍ച്ച് എൻജിനുകളെ ഇല്ലാതാക്കും, പുതിയ ടെക്നോളജി പ്രൊഡക്ടിവിറ്റി മേഖലയേയും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയും പൊളിച്ചെഴുതുമെന്നാണ് ഗേറ്റ്‌സിന്റെ പ്രവചനം.
∙ എഐ മത്സരത്തില്‍ സ്റ്റാര്‍ട്ടപ് കമ്പനിക്കും വിജയിക്കാം
ഈ മത്സരത്തില്‍ മൈക്രോസോഫ്റ്റ് പങ്കെടുക്കുന്നില്ലെങ്കില്‍ അത് തന്നെ നിരാശനാക്കുമെന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിച്ച എഐ ഫോര്‍വേഡ് 2023 സമ്മേളനത്തില്‍ സംസാരിക്കവെ ഗേറ്റ്‌സ് പറഞ്ഞു. എഐ മത്സരത്തില്‍ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ആമസോൺ പോലെയുള്ള വന്‍കിട ടെക് ഭീമന്മാര്‍ പങ്കെടുക്കുന്നു. എന്നാല്‍, ഈ മത്സരത്തില്‍ കേട്ടിട്ടല്ലാത്ത ഒരു സ്റ്റാര്‍ട്ടപ് കമ്പനി ജയിക്കാനുള്ള സാധ്യത 50 ശതമാനമുണ്ടെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് ഗ്രൂപ്പും എസ്‌വി എയ്ഞ്ജലും ചേര്‍ന്നു നടത്തിയ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഗേറ്റ്‌സിന്റെ പ്രസ്താവനയെക്കുറിച്ച് ആമസോണോ, ഗൂഗിളോ, മൈക്രോസോഫ്‌റ്റോ പ്രതികരിക്കാന്‍ വിസമ്മതിച്ചു എന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.
∙ പണിയെടുപ്പിക്കാന്‍ ഹ്യൂമനോയിഡ് റോബോട്ടുകള്‍
സമീപ ഭാവിയില്‍ എഐ ശക്തിപകരുന്ന മനുഷ്യാകാരമുള്ള റോബോട്ടുകള്‍ എത്തുമെന്നും ഇവ ഉപയോഗിച്ചാല്‍ മനുഷ്യര്‍ക്കു നല്‍കുന്ന കൂലിയെക്കാള്‍ ലാഭകരമായിരിക്കുമെന്നും ഗേറ്റ്‌സ് വ്യക്തമാക്കി.
∙ പേഴ്‌സണല്‍ ഏജന്റ് എന്ന സങ്കല്‍പം
ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഓരോ കാര്യങ്ങള്‍ക്കായി വിവിധ വെബ്‌സൈറ്റുകളെയും സേവനങ്ങളെയുമാണ് സമീപിക്കുന്നത്. എന്നാല്‍, ഓരോ വ്യക്തിക്കും സബ്‌സ്‌ക്രൈബ് ചെയ്യാവുന്ന, വോയിസ് കമാന്‍ഡോ, ടെക്‌സ്റ്റ് കമാന്‍ഡോ ഉപയോഗിച്ച് ഇടപെടാവുന്ന പേഴ്‌സണല്‍ ഏജന്റ് എന്ന സങ്കല്‍പമാണ് ഗേറ്റ്‌സിന്റെ മനസ്സിലുള്ളത് എന്നാണ് സൂചന. ഇത്തരം ഒന്ന് സൃഷ്ടിക്കപ്പെട്ടാല്‍ പല വെബ്‌സൈറ്റുകളിലായി ചിതറിക്കിടക്കുന്ന സേവനങ്ങള്‍ ഒരുമിപ്പിക്കപ്പെട്ടേക്കാം. പേഴ്‌സണല്‍ ഏജന്റ് എന്ന സങ്കല്‍പം ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ആര്‍ക്കു സാധിക്കുമോ ആ കമ്പനിക്കായിരിക്കും വിജയമെന്നും ഗേറ്റസ് പറയുന്നു. ഇതോടെ ആമസോണ്‍ പോലെയൊരു വെബ്‌സൈറ്റില്‍ വാങ്ങാനുള്ള സാധനങ്ങള്‍ അന്വേഷിച്ച് അലയേണ്ടതായി വരില്ല. ഗൂഗിള്‍ സേര്‍ച്ച് പോലെയുള്ള വെബ്‌സൈറ്റുകള്‍ ഉപയോഗിക്കേണ്ടതായും വരില്ല. ഇപ്പോള്‍ വന്‍ ലാഭംകൊയ്യുന്ന ബിസിനസുകള്‍ ചിതറിക്കിടക്കുകയാണ്. പേഴ്‌സണല്‍ ഏജന്റ് എത്തിയാല്‍ ഇതെല്ലാം ഒറ്റ സേവനമായി ഏകീകരിക്കപ്പെടാം.
∙ ഇന്‍ഫ്‌ളെക്ഷനെ പ്രകീര്‍ത്തിച്ച് ഗേറ്റ്‌സ്
പേഴ്‌സണല്‍ ഏജന്റ് വികസിപ്പിക്കാനുള്ള മത്സരത്തില്‍ ആര്‍ക്കും വിജയിക്കാം. ടെക്‌നോളജി ഭീമന്മാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരേ സാധ്യതയാണ് ഗേറ്റ്‌സ് നല്‍കുന്നത്. ഇക്കാര്യത്തില്‍ രണ്ടു സ്റ്റാര്‍ട്ടപ്പുകളുടെ പ്രകടനം തന്നെ അതിശയിപ്പിച്ചുവെന്നും ഗേറ്റ്‌സ് പറഞ്ഞു. ഇതിലൊന്നാണ് ഇന്‍ഫ്‌ളെക്ഷന്‍ (Inflection). ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ കൈവശമുള്ള ലിങ്ക്ട്ഇന്‍ കമ്പനിയുടെ സ്ഥാപകരിലൊരാളായ റീഡ് ഹോഫ്മാന്‍ ആണ് ഇന്‍ഫ്‌ളെക്ഷനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
∙ മൈക്രോസോഫ്റ്റിനെതിരെ ആക്ടിവിസ്റ്റുകള്‍
എഐ മത്സരത്തിലേക്ക് എടുത്തു ചാടിയിരിക്കുന്ന മൈക്രോസോഫ്റ്റിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എകോ (Eko) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ഗ്രൂപ് എന്ന് തുറോട്ട്.കോം. 63,000 ലേറെ പേരുടെ ഒപ്പുമായാണ് എക്കോ രംഗത്തെത്തിയിരിക്കുന്നത്. വീണ്ടുവിചാരമില്ലാതെ എഐ സേവനങ്ങള്‍ നല്‍കുന്നുവെന്ന ആരോപണമാണ് അവര്‍ ഉയര്‍ത്തുന്നത്. വൈറല്‍ എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയില്‍ 1000 കോടി ഡോളര്‍ നിക്ഷേപം ഇറക്കിയതിനു ശേഷം തങ്ങളുടെ എതിക്‌സ് ആന്‍ഡ്സൊസൈറ്റി ടീമിനെ മൊത്തത്തില്‍ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടുവെന്നും എകോ ആരോപിക്കുന്നു. എഐ കൊണ്ടുവരുന്നത് ലോകത്ത് ധാര്‍മികത ഉറപ്പാക്കുന്ന ടീമിനെ ബലപ്പെടുത്തിയിട്ടു മതിയെന്നാണ് എകോ പറയുന്നത്.
∙ ബിസിനസ് സ്ഥാപനങ്ങള്‍ക്കായി എഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഇന്‍ഫോസിസ്
ടിസിഎസിനു പിന്നാലെ, മറ്റൊരു ഇന്ത്യന്‍ ഐടി ഭീമനായ ഇന്‍ഫോസിസും ബിസിനസ് സ്ഥാപനങ്ങള്‍ക്കായി എഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ടോപാസ് (Topaz) എന്ന പേരിലാണ് പുതിയ സെറ്റ് സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ പിന്‍ബലം ആയിരിക്കും ഇതിനുണ്ടായിരിക്കുക. ഇന്‍ഫോസിസ് കോബോള്‍ട്ട് ക്ലൗഡ് ആന്‍ഡ് ഡേറ്റാ ആനാലിറ്റിക്‌സ് ആയിരിക്കും ടോപാസിനു പിന്നില്‍.
∙ ഗൂഗിള്‍ കോലാബിന് എഐ ശക്തിപകരുന്ന ചാറ്റ്‌ബോട്ട്
പൈതണ്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ കോലാബിലും (Colab) ഇനി എഐ കോഡിങ് ശക്തി. ഗൂഗിള്‍ ബാര്‍ഡ് ആയിരിക്കും പുതിയ മാറ്റങ്ങള്‍ക്കു പിന്നില്‍. കോഡിങ്ങിന് സഹായിക്കുന്ന ചാറ്റ്‌ബോട്ടായിരിക്കും കോലാബില്‍ എത്തുക. ജനറേറ്റീവ് എഐ മോഡലായ കോഡി (Codey) ആയിരിക്കും ഇതിനായി പ്രയോജനപ്പെടുത്തുക. ഇതാകട്ടെ പാം 2 (PaLM 2) അധിഷ്ഠിതമായിരിക്കും.