സമകാലിക ഭാരതത്തിൽ കലാകാരന്മാർ വെല്ലുവിളികൾ നേരിടുന്നുവെന്ന് ബറോഡ എം. എസ്. യൂണിവേഴ്സിറ്റിയിലെ കലാചരിത്ര വിഭാഗം മുൻമേധാവിയും കലാചരിത്രകാരനുമായ പ്രൊഫ. ശിവജി കെ. പണിക്കർ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കാലടി മുഖ്യ ക്യാമ്പസിലുള്ള യൂട്ടിലിറ്റി സെന്ററിൽ സംഘടിപ്പിച്ച ശ്രീ ശങ്കര വാർഷിക പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യൻ കലകളിലെ “ഭാരതീയത” : മുൻകാല ബോധ്യങ്ങളിലേയ്ക്കുളള ഒരു അന്വേഷണം” എന്ന വിഷയത്തിലായിരുന്നു പ്രൊഫ. ശിവജി കെ. പണിക്കരുടെ പ്രഭാഷണം. കേവലമായ ഭാരതീയത എന്ന സങ്കൽപനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 1980കൾ മുതൽ സവർണ വലതുപക്ഷ ആശയങ്ങൾ കലാകാരന്മാരെ കൈയടക്കിക്കൊണ്ടിരിക്കുകയാണ്. മതേതരമായ ഇന്ത്യൻ പാരമ്പര്യ സങ്കല്പങ്ങൾ അട്ടിമറിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോൾ രാജ്യത്ത് നിലവിലുളളത്. ഭാരതീയതയുടെ വിശാലമായ സങ്കല്പങ്ങൾ കലാകാരന്റെ കർതൃത്ത്വ മനോഭാവത്തെ തിരസ്കരിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഇന്ത്യൻ ചിത്രശില്പകലാരംഗത്തെ ഭാരതീയതയുടെ ചരിത്രപരതയെ വിമർശനാത്മകമായി ഉൾക്കൊളളുവാൻ പുതിയ തലമുറയ്ക്ക് കഴിയണം, പ്രൊഫ. ശിവജി കെ. പണിക്കർ പറഞ്ഞു.
മ്യൂസിക് വിഭാഗത്തിലെ പി. ജി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ശങ്കരസ്തുതികളോടെ ആരംഭിച്ച സംഗീതസപര്യക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ അധ്യക്ഷനായിരുന്നു. പ്രോ. വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. ജി. ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് കൂത്തമ്പലത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, സംഗീതക്കച്ചേരി എന്നിവയും നടന്നു.