ട്വിറ്ററിന്റെ പുതിയ സിഇഒയായി എൻബിസി യൂണിവേഴ്സലിന്റെ ലിൻഡ യാക്കാരിനോയെ പ്രഖ്യാപിച്ചു. പുതിയ ട്വിറ്റർ സിഇഒയുടെ പേര് ഇലോൺ മസ്‌ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോംകാസ്റ്റ് എന്റർടൈൻമെന്റ്, മീഡിയ ഡിവിഷന്റെ പരസ്യ ബിസിനസ്സ് നവീകരിച്ച എൻബിസി യൂണിവേഴ്സൽ പരസ്യ മേധാവിയാണ് ലിൻഡ. ആറാഴ്ചയ്ക്കുള്ളിൽ നിയമനമുണ്ടാകുമെന്നാണ് അറിയുന്നത്.
സിഇഒ സ്ഥാനമൊഴിയുന്ന മസ്ക് സ്ഥാപനത്തിന്റെ ചെയർമാനായും ചീഫ് ടെക്‌നോളജി ഓഫീസറായും തുടർന്നേക്കും. കമ്പനിയുടെ പ്രവർത്തനങ്ങളുടെയും സിസ്റ്റം ഓപ്പറേഷനുകളുടെയും മേൽനോട്ടം താൻതന്നെ നിർവഹിക്കുമെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ട്വിറ്ററിനെ നിയന്ത്രിക്കുന്ന എക്സ് കോർപ്പറേഷന്റെയു സിഇഒയായും ലിൻഡ പ്രവർത്തിക്കും.
കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. ഇതിനുശേഷം കമ്പനിയിലെ ഏകദേശം 80 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനിടെ ട്വിറ്ററിൽ പരസ്യം നല്‍കിയിരുന്ന മിക്ക ബ്രാൻഡുകളും പിൻമാറുകയും ചെയ്തു. ഇതോടെ പരസ്യവരുമാനം കുത്തനെ ഇടിഞ്ഞതോടെ കമ്പനി വൻ സാമ്പത്തിക പ്രതിസന്ധിയിലായി. പരസ്യവരുമാനം തിരിച്ചുപിടിച്ച് കമ്പനിയെ രക്ഷപ്പെടുത്താനായിരിക്കാം പരസ്യ മേഖലയിൽ പ്രവർത്തിച്ച ലിൻഡയെ ട്വിറ്ററിന്റെ സിഇഒയായി നിയമിക്കുന്നതെന്നും സൂചനയുണ്ട്.
ഇലക്ട്രിക് വാഹന നിർമാണ കമ്പനി ടെസ്‌ലയുടെ മേധാവി കൂടിയായ മസ്‌ക് ഒക്ടോബറിലാണ് ട്വിറ്റർ സിഇഒയായി സ്ഥാനമേറ്റത്. എന്നാൽ ട്വിറ്ററിലെ സിഇഒ ജോലി ഏറ്റെടുക്കാൻ പര്യാപ്തമായ ഒരാളെ കണ്ടെത്തിയാൽ സ്ഥാനം ഒഴിയുമെന്ന് ഡിസംബറിൽ തന്നെ മസ്ക് പറഞ്ഞിരുന്നു. ലിൻഡയുടെ പേര് പറയാതെ സിഇഒയെ കണ്ടെത്തിയെന്ന് വ്യാഴാഴ്ച മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.
എൻബിസി യൂണിവേഴ്സലിൽ മികച്ച പ്രകടം കാഴ്ചവച്ച വ്യക്തിയാണ് ലിൻഡ യാക്കാരിനോ. 60 കാരിയായ ലിൻഡ നിലവിൽ എൻബിസി യൂണിവേഴ്സലിന്റെ പരസ്യവിഭാഗത്തിന്റെ മേധാവിയാണ്. ‘പീക്കോക്ക് സ്ട്രീമിങ് സർവീസി’ന് തുടക്കമിട്ടത് ലിൻഡയായിരുന്നു. എൻബിസിക്ക് മുൻപ് ടേണർ എന്റർടെയ്ൻമെന്റിൽ 19 വർഷം ജോലി ചെയ്തിട്ടുണ്ട് ലിൻഡ. 2022 ൽ ‘വുഷി റൺസ് ഇറ്റ്’ വുമൺ ഓഫ് ദ ഇയർ അംഗീകാരവും ബിസിനസ് വീക്കിന്റെ ‘സിഇഒ ഓഫ് ടുമോറോ’ പുരസ്കാരവും നേടിയ വ്യക്തിയാണ് ലിൻഡ.