തിരുവനന്തപുരം: മാധ്യമ, വിനോദ വ്യവസായ രംഗത്തെ വിദഗ്ധരും ഉദ്യോഗാർത്ഥികളും പങ്കെടുക്കുന്ന അനിമേഷൻ മാസ്റ്റേഴ്സ് സമ്മിറ്റിന് തുടക്കമായി. ടൂൺസ് അനിമേഷൻ സ്റ്റുഡിയോസിന്റെ ഫ്ലാഗ്ഷിപ്പ് ഇവന്റായ പരിപാടിയിൽ രണ്ട് ദിവസങ്ങളിലായി രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള പ്രമുഖരാണ് പങ്കെടുക്കുന്നത്. ഫിലിം മേക്കിങ്, ഡിജിറ്റൽ ആർട്ട് വർക്ക്, ആനിമേഷൻ രംഗങ്ങളിൽ ലോകത്തെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് അറിയാനും, അനിമേഷൻ കലയെ ആഘോഷമാക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന അനിമേഷൻ മാസ്റ്റേഴ്സ് സമ്മിറ്റ് ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു.
മാധ്യമ-വിനോദ രംഗത്ത് സാങ്കേതികവിദ്യയുടെ പങ്ക് വളരെ വലുതാണെന്നും ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടുന്നതിനും അനുയോജ്യമായ ഒരു വേദിയായി എഎംഎസ് ഇന്നും തുടരുന്നതിൽ സന്തോഷമുണ്ടെന്നും അനിമേഷൻ മാസ്റ്റേഴ്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്യാമപ്രസാദ് പറഞ്ഞു. തൊണ്ണൂറുകളുടെ അവസാനത്തിൽ ടൂൺസ് സ്ഥാപകൻ മിസ്റ്റർ ബിൽ ഡെന്നിസുമായി പ്രവർത്തിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു.
ടൂൺ ബ്രൂം, എവിഎക്സ്ആർജി ക്രിയേറ്റീവ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് നേപ്പാൾ എന്നിവർ സഹ-സ്‌പോൺസർമാകുന്ന സമ്മിറ്റിന് മീഡിയ ആൻഡ് എന്റർടൈൻമെന്റ് സ്കിൽസ് കൗൺസിൽ (MESC), അസോസിയേഷൻ ഇന്റർനാഷണ’ലെ ഡു ഫിലിം ഡി’ആനിമേഷൻ (ആസിഫ) ഇന്ത്യ, സൊസൈറ്റി ഓഫ് എവിജിസി ഇന്സ്ടിട്യൂഷൻസ് ഇൻ കേരള (SAIK), വിമൻ ഇൻ അനിമേഷൻ (WIA) ഇന്ത്യ കളക്ടീവ്, അനിമേഷൻ എക്സ്പ്രസ് എന്നീ സംഘടനകളുടെ പിന്തുണയുമുണ്ട്.
“റീ ഇമാജിനിംഗ് എന്റർടൈൻമെന്റ്: നൗ ആൻഡ് ബിയോണ്ട്” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ സമ്മിറ്റ് സംഘടിപ്പിക്കപ്പെട്ടുന്നത്. ആദ്യദിനമായ വെള്ളിയാഴ്ച ഫ്രെയിംസ്റ്റോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അഖൗരി പി സിന്‍ഹ, സ്പാനിഷ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ഡാമിയന്‍ പെരേയ, പ്രശസ്ത വോയ്സ് ഓവര്‍ ആര്‍ട്ടിസ്റ്റായ ദര്‍പന്‍ മേത്ത, പൂനെ ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡീനും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. മിലിന്ദ് ദാംലെ എന്നിവരാണ് ഡെലിഗേറ്റ്സുമായി സംവദിച്ചത്. വിനോദ രംഗത്തെ മാറ്റങ്ങളും മുന്നിലുള്ള വലിയ സാധ്യതകളും വ്യക്തമാക്കുന്നതായിരുന്നു സെഷനുകൾ.
ടൂണ്‍സിന്റെ സ്ഥാപകരിലൊരാളും അനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റിന് പിന്നിലെ ശില്‍പിയുമായ ബില്‍ ഡെന്നിസിന് മരണാനന്തര ബഹുമതിയായി ‘ലെജന്‍ഡ് ഓഫ് ദി ഇന്ത്യന്‍ ആനിമേഷന്‍’ പുരസ്കാരം നൽകി ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. മാധ്യമ-വിനോദ രംഗത്തെ പ്രമുഖരെ ഒന്നിച്ചുകൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ ലാഭേച്ഛയില്ലാതെ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയാണ് അനിമേഷന്‍ മാസ്റ്റേഴ്‌സ് സമ്മിറ്റ്.
1999ൽ ടൂൺസ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ അനിമേഷൻ കലയ്ക്കുവേണ്ടിയും ഈ രംഗത്തെ സർഗാത്മക സമൂഹത്തിനുവേണ്ടിയും സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പരിപാടിയാണ് അനിമേഷൻ മാസ്റ്റേഴ്സ് സമ്മിറ്റെന്ന് ടൂൺസ് സിഇഒ പി ജയകുമാർ പറഞ്ഞു. അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയ്മിംഗ്, കോമിക് (എവിജിസി) രംഗത്തെ പ്രഗത്ഭരെ ഇന്ന് സമ്മിറ്റ് പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.