താനൂര്‍: മലപ്പുറം താനൂരിലെ ബോട്ടപകടത്തില്‍ അടിയന്തിര ഇടപെടലിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അപകടവിവരം അറിഞ്ഞ ഉടനെ ആരോഗ്യപ്രവര്‍ത്തകരെല്ലാം ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.
താനൂര്‍ പിഎച്ച്എസിയും തിരൂരങ്ങാടി ആശുപത്രിയിലുമാണ് മരിച്ചവരുടെ മൃതദേഹം. രക്ഷാപ്രവര്‍ത്തനത്തിനും അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനുമാണ് പ്രാധാന്യം. ഞായറാഴ്ചയായതിനാല്‍ ആരോഗ്യപ്രവര്‍ത്തകരില്‍ പലരും സ്ഥലത്തുണ്ടായിരുന്നില്ല. എല്ലാവരോടും ഉടന്‍ ആശുപത്രിയിലേക്കെത്താന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മന്ത്രി വ്യക്തമാക്കി. പരമാവധി ആളുകളെ രക്ഷപ്പെടുത്താന്‍ വേണ്ട ശ്രമങ്ങളെല്ലാം നടത്തുമെന്നും മന്ത്രി പറഞ്ഞു.
മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ എത്തിക്കാനുള്ള സജ്ജീകരണവും ഒരുക്കിയതായി മന്ത്രി വ്യക്തമാക്കി. മൃതദഹങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സൗകര്യം ഉള്‍പ്പടെ എത്തിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലേക്കും ആരോഗ്യ പ്രവര്‍ത്തകരെ വിട്ടു നല്‍കിയതായും മന്ത്രി അറിയിച്ചു.
താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്.
















