മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കം 13 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള എഫ്.ഐ.ആര്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്യും.
പിണറായിയുടെ മകള്‍ ടി. വീണ, സി.എം.ആർ.എൽ കമ്പനി എം.ഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെ പ്രതികളാകുമെന്നാണ് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ കത്തില്‍ പറയുന്ന കുറ്റകൃത്യം ചെയ്തവരെയെല്ലാം ഉള്‍പ്പെടുത്തിയാകും കേസെടുക്കുക.
അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളില്‍ ഒരു കേസും, കള്ളപ്പണക്കേസ്, ഹവാല എന്നിവയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്യുന്നതും ആലോചിക്കുന്നു.
നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും. ഹവാല, കള്ളപ്പണം എന്നിവയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ അന്വേഷണത്തിന് ഇ.ഡി കൂടി എത്തും.
തിരുവനന്തപുരത്തെ പ്രത്യേക അന്വേഷണ സംഘം- ഒന്ന്, രണ്ട് യൂനിറ്റുകള്‍ വിജിലന്‍സ് ഡയറക്ടറുടെ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് മൊത്തം അധികാര പരിധിയുള്ള വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തെയാകും കേസെടുക്കാന്‍ ചുമതലപ്പെടുത്തുക.
സി.എം.ആർ.എൽ ഇടപാടുകള്‍ കൊച്ചിയില്‍ ആയതിനാല്‍ അവിടെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നതും ആലോചിക്കുന്നു. ഹൈകോടതി നിര്‍ദേശമായതിനാല്‍ അന്വേഷണം വൈകിപ്പിക്കാനും കഴിയില്ല.















