ബെംഗളൂരു: കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡെലിവറി ഏജന്റിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി. സ്‌കൂട്ടറില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാണ് അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ എത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഡെലിവറി ഏജന്റുമാര്‍ അടക്കമുള്ളവര്‍ക്കൊപ്പം രാഹുല്‍ ലഘുഭക്ഷണം കഴിക്കുന്നതിന്റെയും ആശയവിനിമയം നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ജി.എസ്.ടി അടക്കമുള്ളവ വിഷയങ്ങള്‍ രാഹുല്‍ അവരുമായി ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം ഡെലിവറി ഏജന്റിനൊപ്പം സ്‌കൂട്ടര്‍യാത്ര നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ബാക്കിനിൽക്കെ, കർണാടകയിൽ എല്ലാ പാർട്ടികളുടെയും പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നഗരത്തിൽ മെഗാ റോഡ് ഷോ നടത്തി. റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന ആവേശഭരിതരായ ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു. ശനിയാഴ്ച അദ്ദേഹം നഗരത്തിൽ ഏകദേശം 13 മണ്ഡലങ്ങളിലൂടെ 26 കിലോമീറ്റർ റോഡ് ഷോ നടത്തിയിരുന്നു.
















