ഗൂഗിൾ ക്രോം ജനപ്രിയ ഡെസ്ക്ടോപ്പ് ബ്രൗസർ. സ്റ്റാറ്റ് കൗണ്ടർ റിപ്പോർട്ടനുസരിച്ച് ആഗോളതലത്തിൽ ക്രോമിന് 66.1 ശതമാനം വിപണി വിഹിതമുണ്ട്. അതേസമയം, മൈക്രോസോഫ്റ്റ് എഡ്ജിനെ കീഴടക്കി ആപ്പിള്‍ സഫാരി രണ്ടാം സ്ഥാനത്തെത്തി. ഇത് ആദ്യമായാണ് മൈക്രോസോഫ്റ്റ് എഡ്ജിന് രണ്ടാം സ്ഥാനം നഷ്ടപ്പെടുന്നത്.
ആപ്പിൾ സഫാരിക്ക് 11.8 ശതമാനം വിപണി വിഹിതവും മൈക്രോസോഫ്റ്റ് എഡ്ജിന് 11 ശതമാനം വിപണി വിഹിതവുമാണുള്ളത്. ഡേറ്റ അനുസരിച്ച് മോസില ഫയർപോക്സ്, ഓപ്പറ, ഇന്റർനെറ്റ് എക്സ്പ്ലോറർ എന്നിവയ്ക്ക് യഥാക്രമം 5.65 ശതമാനം, 3.09 ശതമാനം, 0.55 ശതമാനം വിപണി വിഹിതമുണ്ട്.
ഇന്ത്യയിൽ 89.04 ശതമാനം വിപണി വിഹിതമുള്ള ഗൂഗിൾ ക്രോം വ്യാപകമായി ഉപയോഗിക്കുന്ന ഡെസ്‌ക്‌ടോപ്പ് ബ്രൗസറാണ്. ഇന്ത്യയിൽ ഫയർഫോക്സും മൈക്രോസോഫ്റ്റ് എഡ്ജും യഥാക്രമം 3.64 ശതമാനം, 3.48 ശതമാനം വിപണി വിഹിതവുമായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. കണക്കുകൾ പ്രകാരം 1.01 ശതമാനം ഇന്ത്യക്കാർ മാത്രമാണ് സഫാരി ഉപയോഗിക്കുന്നത്.
ജനപ്രിയത ഉണ്ടായിരുന്നിട്ടും, അറ്റ്‌ലസ് വിപിഎന്നിന്റെ റിപ്പോർട്ട് പ്രകാരം ഗൂഗിൾ ക്രോം ഏറ്റവും ദുർബലമായ വെബ് ബ്രൗസറായാണ് കണക്കാക്കപ്പെടുന്നത്. ക്രോം ബ്രൗസറിൽ ഈ വർഷം ഇതുവരെ 303 സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് എക്കാലത്തെയും ഏറ്റവും ഉയർന്നതാണ്. ക്രോം ബ്രൗസർ അവതരിപ്പിച്ചതിന് ശേഷം ഇതുവരെ ആകെ 3,000 ത്തിലധികം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.