കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കോതനല്ലൂര്‍ സ്വദേശി ആതിര ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കോതനല്ലൂര്‍ മുണ്ടക്കല്‍ വീട്ടില്‍ വിദ്യാധരന്‍ മകന്‍ അരുണ്‍ വിദ്യാധരന് (32) എതിരേയാണ് കോട്ടയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംഭവം നടന്ന് നാലുദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാൾ കേരളം വിട്ടെന്നും കോയമ്പത്തൂരുണ്ടെന്നുമാണ് പൊലീസിനു ലഭിച്ച സൂചന. അയല്‍സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ തിരച്ചില്‍ തുടരുന്നത്.
സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം നേരിട്ട കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരനെ (26) തിങ്കളാഴ്ച രാവിലെയാണു വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫെയ്സ്ബുക്കിൽ കുറിപ്പുകളും ചിത്രങ്ങളുമിട്ട് അപമാനിക്കുന്നതായി കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെതിരെ (32) ആതിര ഞായറാഴ്ച കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും യുവതി നൽകിയ പരാതി സ്റ്റേഷനിൽനിന്ന് ചോർത്തി അരുണിന് നൽകിയെന്ന് ആരോപിച്ചും ബുധനാഴ്ച രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഇവർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
















