ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്.
യുഎഇ നേരിട്ട് ക്ഷണം നല്‍കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ മാസം എട്ടു മുതല്‍ 10 വരെ നടക്കുന്ന പരിപാടിയാണ് ഇതോടെ റദ്ദാക്കിയത്.
അബുദാബി നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും നിക്ഷേപ സംഗമത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി തേടിയുളള ഫയൽ വിദേശകാര്യ മന്ത്രി എ ജയശങ്കർ നേരിട്ടാണ് പരിശോധിച്ചത്.
മെയ് എട്ട് മുതൽ പത്ത് വരെയാണ് അബുദാബി നിക്ഷേപ സംഗമം നടക്കുന്നത്. ഇതിലേക്ക് കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നൽകിയതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.
മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന് കേന്ദ്രം കേരളത്തിനയച്ച കത്തിൽ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിനോട് എതിർപ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കും ക്ഷണം കിട്ടിയെന്നാണ് വിവരം. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിൻറെ ശ്രദ്ധയിലും സംസ്ഥാന സർക്കാർ കൊണ്ടു വന്നിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസും ഇതുവരെ ഇടപെടാൻ തയ്യാറായിട്ടില്ല.
















