കൊച്ചി: അരിക്കൊമ്പന് വലുതുകണ്ണിന് ഭാഗീക കാഴ്ച മാത്രമേയുള്ളൂവെന്ന് വനംവകുപ്പ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വനംവകുപ്പ് ഇക്കാര്യം അറിയിച്ചത്. ജിപിഎസ് കോളർ ധരിപ്പിക്കുന്ന സമയത്താണ് കാഴ്ചക്കുറവ് ശ്രദ്ധയിൽപ്പെട്ടതെന്നും വനംവകുപ്പ് പറയുന്നു.
പിടികൂടുന്ന സമയത്ത് തുമ്പിക്കൈയിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. ഇതിന് രണ്ട് ദിവസത്തെ പഴക്കം ഉള്ളതായാണ് കരുതുന്നത്. മുറിവിന് മരുന്ന് നൽകുകയും ചെയ്തു. കാട് കയറ്റിയ അരിക്കൊമ്പനെ പ്രത്യേകം നിരീക്ഷിക്കുന്നതായും വനംവകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു.
ആനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം അതിന്റെ ആരോഗ്യനില വനംവകുപ്പിന്റെ വെറ്റിറനറി വിഭാഗം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം വ്യക്തമായത്. എന്നാല്‍ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നെന്നാണ് സൂചന. തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽനിന്നു സിഗ്നൽ കിട്ടിയിരുന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ നാലിനുശേഷം സിഗ്നൽ നഷ്ടമാവുകയും അൽപസമയത്തിനുശേഷം പൂർവസ്ഥിതിയിലാവുകയും ചെയ്തു. അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നെന്നാണ് സൂചന.
















