മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം. വിനു. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും സംവിധായകൻ പറഞ്ഞു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി എന്നും വിനു പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നും താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നും വി.എം. വിനു പരിഹസിച്ചു.
‘മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവർത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാൻ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ അവർക്ക് വരാൻ പറ്റില്ലല്ലോ.
എത്രയെത്ര ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. ആ സിനിമകളുടെയെല്ലാം വിജയത്തിന്റെ ഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നു’- അദ്ദേഹം പ്രതികരിച്ചു.
അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച ആര്യാടൻ ഷൗക്കത്തും ഇക്കാര്യം ചൂണ്ടികാട്ടി. മാമുക്കോയ നൽകിയ സ്നേഹം മലയാള സിനിമാ ലോകത്തിന് തിരിച്ചു നൽകാൻ ആയില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. എല്ലാവരെയും സ്നേഹിച്ച വ്യക്തി ആയിരുന്നു മാമുക്കോയ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം. ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു.
കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ നടന്നത്. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു.
മാമുക്കോയയെ അവസാനമായി ഒരു നോക്കു കാണാൻ പുലർച്ചെ മുതൽ തന്നെ അരക്കിണറിലെ വീട്ടിലേക്ക് സാധാരണക്കാരായ ആളുകൾ ഒഴുകിയെത്തിയിരുന്നു. പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷംരാവിലെ 10.15 ഓടെ കോഴിക്കോട് കണ്ണംപറമ്പിലാണ് മാമുക്കോയയുടെ മൃതദേഹം ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. നടൻ ജോജു ജോർജ്, ഇർഷാദ്, നിർമാതാവ് ആര്യാടൻ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.