ഇടുക്കി: പൂപ്പാറ തൊണ്ടിമലയില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ നാലുപേര്‍ മരിച്ചു. തിരുനെല്‍വേലി സ്വദേശികളായ സി. പെരുമാള്‍ (59), വള്ളിയമ്മ (70), സുധ (20), സുശീന്ദ്രൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശനിയാഴ്ച വൈകുന്നേരം 6.45-ഓടെയാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്. തിരുനെല്‍വേലിയില്‍നിന്ന് മൂന്നാര്‍ ലക്ഷ്മി എസ്‌റ്റേറ്റിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ഇവര്‍. പൂപ്പാറയ്ക്കും ബോഡിമേട്ടിനും ഇടയില്‍ തൊണ്ടിമല എസ് വളവില്‍ നിയന്ത്രണംവിട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഇരുപതോളം പേർക്ക് പരുക്കേറ്റിരുന്നു. നാട്ടുകാരും മറ്റ് വണ്ടികളിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാനിൽ ഇരുപത് പേരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ രാജകുമാരിയിലെ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
















