തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റെന്ന ആരോപണത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദേശം നൽകി.
വാങ്ങിയ ആളിൽ നിന്നും കുട്ടിയെ പോലീസ് വീണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് യുവതി തൈക്കാടുള്ള ആശുപത്രിയിൽ കുട്ടിക്ക് ജന്മം നൽകിയത്. മൂന്നു ദിവസത്തിനു ശേഷം കുഞ്ഞിനെ യുവതി വിറ്റു. മൂന്നു ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ കൈമാറിയത്. കരമന സ്വദേശിയായ യുവതിക്കാണ് വിറ്റത്.
സ്പെഷ്യൽ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിനെ വിറ്റവിവരം സ്ഥിരീകരിച്ചത്. ഉടൻ തന്നെ പോലീസ് കുഞ്ഞിനെ വാങ്ങിയ ആളിൽ നിന്നും കുട്ടിയെ ഏറ്റെടുത്തു. കുഞ്ഞിനെ ശിശുക്ഷേമ സംരക്ഷണസമിതിക്ക് കൈമാറുകയും ചെയ്തു.
അതേസമയം, മക്കളിലാത്തതിനാൽ ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട സ്ത്രീയിൽ നിന്നും കുഞ്ഞിനെ വാങ്ങുകയായിരുന്നുവെന്നും അവരുടെ ഭർത്താവ് സ്ഥിരമായി ആവശ്യപ്പെട്ടപ്പോഴാണ് പണം നൽകിയതെന്നും കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനി പറഞ്ഞു.
“രണ്ട് വര്‍ഷമായി കുഞ്ഞിന്റെ അമ്മയെ പരിചയമുണ്ട്. വീട്ടുജോലിക്കും മറ്റും പോകുന്നയാളാണ്. ഏഴാം മാസത്തിലാണ് എന്നോട് പറയുന്നത്. നിനക്ക് മക്കളില്ലല്ലോ കുഞ്ഞിനെ നീ എടുത്തോ എന്ന് എന്നോട് പറഞ്ഞു. അവളുടെ ഭര്‍ത്താവ് വിളിച്ച് നിരന്തരം ശല്യം ചെയ്തതുകൊണ്ടാണ് പൈസ കൊടുത്തത്. പ്രസവ സമയത്താണ് ഞാന്‍ പോകുന്നത്. വ്യാഴാഴ്ച അഡ്മിറ്റായി, വെള്ളിയാഴ്ച പ്രസവിച്ചു. തിങ്കളാഴ്ച വീട്ടില്‍ കൊണ്ടുവന്നു. ആശുപത്രിയുടെ പുറത്തുവെച്ചാണ് കുഞ്ഞിനെ എന്റെ കയ്യില്‍ തന്നത്. കുഞ്ഞിനെ വാങ്ങുന്നത് തെറ്റാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ കുഞ്ഞിനെ തന്നെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ട്”- കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറഞ്ഞു.
ഏപ്രില്‍ ഏഴാം തിയ്യതിയാണ് കുഞ്ഞ് ജനിച്ചത്. അഡ്വാൻസ് തുക കുഞ്ഞിൻറെ അമ്മയ്ക്ക് നൽകി. 52000 രൂപയാണ് അഡ്വാൻസായി നൽകിയത്. കുഞ്ഞിനെ കൈമാറിയ ശേഷം 2,48,000 രൂപയും നൽകി. കുഞ്ഞിന്റെ ശരിക്കുള്ള മാതാപിതാക്കള്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും കരമന സ്വദേശി പറഞ്ഞു.