എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സ്പർശ ഗോൾഡ് ആന്റ് ഡയമണ്ട്സ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമായി മുങ്ങിയതായി പരാതി. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആറായിരത്തോളം പേരിൽ നിന്ന് 350 കോടിയോളം രൂപ തട്ടിയെന്നാണ് നിക്ഷേപകരുടെ പരാതി. തട്ടിപ്പിൽ വിവിധ ജില്ലകളിലായി പത്തിലേറെ കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. ജ്വല്ലറി ഗ്രൂപ്പിൻ്റെ എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ എല്ലാ ഷോറൂമുകളും ഒരു വർഷത്തിലേറെയായി അടച്ചുപൂട്ടിയ നിലയിലാണ്.
ഒരു ലക്ഷം രൂപക്ക് ഒരു വർഷത്തിലെ എല്ലാ പ്രവർത്തി ദിനത്തിലും 900 രൂപ ലാഭവിഹിതം എന്നു പറഞ്ഞാണ് സ്പർശ ഗോൾഡ് ആൻഡ് ഡയമണ്ട് നിക്ഷേപം സ്വീകരിച്ചത്. ശനി, ഞായർ ഉൾപ്പെടെ അവധി ദിനങ്ങൾ ഒഴിവാക്കി ഒരു വർഷം ശരാശരി 202 ദിവസം 900 രൂപ വീതം ലഭിക്കുമെന്നാണ് സ്ഥാപനം വിശ്വസിപ്പിച്ചത്. ഒരു ലക്ഷം മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ വയനാട് എന്നീ ജില്ലകളിൽ ഏജന്റുമാരെ നിയോഗിച്ചായിരുന്നു സ്ഥാപനത്തിൻ്റെ നിക്ഷേപ സമാഹരണം.
ആദ്യഘട്ടത്തിൽ ലാഭവിഹിതം നൽകിയെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ ജ്വല്ലറികൾ പൂട്ടി ഉടമകൾ മുങ്ങി. ഇതോടെയാണ് നിക്ഷേപകരായ ആയിരങ്ങൾ പെരുവഴിയിലായത്. തട്ടിപ്പിനിരയായവർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചാണിപ്പോൾ നിയമ നടപടി തുടരുന്നത്. ലാഭവിഹിതവും നിക്ഷേപിച്ച തുകയും തിരിച്ചു നൽകാതെ ജ്വല്ലറികൾ അടച്ചു പൂട്ടിയതോടെ വിവിധ ജില്ലകളിലായി പത്തിലേറെ കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. ജ്വല്ലറി ഉടമകളായ രാകേഷ് രവീന്ദ്രൻ, രജീഷ് രാജൻ എന്നിവർക്കൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിന് ഇടനിലയക്കാരായി പ്രവർത്തിച്ച ഏജന്റുമാർ അടക്കമുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തട്ടിപ്പിനിരയായ കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതി നൽകുമെന്നാണ് വിവരം.
STORY HIGHLIGHT : sparsha-gold-and-diamonds-fraud-case-ernakulam-,
















