പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യമായതിനാൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമരം നയിക്കുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.
വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന് ഷൊർണൂരിൽ ട്രെയിൻ തന്നെ തടയാനാണ് തീരുമാനം. അയച്ച കത്തിന് മറുപടി പോലും നൽകാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും എം പി ആരോപിച്ചു. സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും, റെയിൽവേ ബോർഡ് ചെയർമാനും, ജനറൽ മാനേജർക്കും വി.കെ ശ്രീകണ്ഠൻ എംപി കത്ത് അയച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും റെയിൽവേ മന്ത്രാലയത്തിൽ നിന്നോ അധികൃതരിൽ നിന്നോ യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ല.
ദക്ഷിണേന്ത്യയിൽ തന്നെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷൊർണൂർ ജംഗ്ഷൻ. പാലക്കാട് ജില്ലയിൽ നിന്നുമുള്ള യാത്രക്കാരും തൃശൂരിന്റെയും, മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഷൊർണൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിക്കാത്തതിന് റെയിൽവേ ഉന്നയിച്ച കാരണം വേഗതയെ ബാധിക്കുമെന്നാണ്.
ട്രയൽ റൺ നടത്തിയപ്പോൾ തന്നെ വള്ളത്തോൾ നഗർ മുതൽ കാരക്കാട് വരെ 15 കി. മീ. വേഗതയിലാണ് ട്രെയിനിന് പോകാൻ കഴിഞ്ഞുള്ളൂ. അതിനാൽ വേഗത കുറയുന്നുവെന്ന കാരണം അംഗീകരിക്കാൻ ആവില്ലെന്ന് എം പി ചൂണ്ടിക്കാട്ടി.