മലപ്പുറം: അരീക്കോട് കുനിയിൽ ഇരട്ടകൊലപാതകക്കേസിലെ 12 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും 50000 രൂപ വീതം പിഴയും ശിക്ഷ. മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നു മുതൽ പതിനൊന്ന് വരെയുള്ള പ്രതികളും 18-ാം പ്രതിയും കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആകെ 22 പ്രതികളുള്ള കേസില്‍ ഒമ്പതുപ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഒരാളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.
കുനിയില്‍ അന്വാര് നഗര്‍ നടുപ്പാട്ടില്‍ വീട്ടില്‍ കുറുവങ്ങാടന്‍ മുക്താര്‍ (40), കോഴിശ്ശേരിക്കുന്നത്ത് റാഷിദ് (34), മുണ്ടശ്ശേരി വീട്ടില്‍ റഷീദ് (33), താഴത്തേയില്‍ കുന്നത്ത് ചോലയില്‍ ഉമ്മര്‍ (45), വിളഞ്ഞോത്ത് ഇടക്കണ്ടി മുഹമ്മദ് ഷരീഫ് (43), മഠത്തില്‍ കൂറുമാടന്‍ അബ്ദുല്‍ അലി (31). ഇരുമാംകുന്നത്ത് ഫസലുറഹ്മാന് (31), കിഴക്കേത്തൊടി മുഹമ്മദ് ഫത്തീന്‍ (30), വടക്കേച്ചാലി മധുരക്കുഴിയന്‍ മഹ്സൂം (38), വിളഞ്ഞോളത്ത് എടക്കണ്ടി സാനിഷ് (39), പിലാക്കല്‍ക്കണ്ടി ഷബീര്‍ (31), ആലുംകണ്ടി ഇരുമാംകടവത്ത് സഫറുല്ല (42) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2012 ജൂൺ പത്തിനാണ് സഹോദരങ്ങളായ അബൂബക്കർ, ആസാദ് എന്നിവർ കൊല്ലപ്പെട്ടത്. പിഴത്തുക കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകണമെന്നുമാണ് വിധി.
2012 ജൂൺ 10 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. സഹോദരങ്ങളായ കുനിയിൽ കൊളക്കാടൻ അബൂബക്കർ, ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയിൽ അങ്ങാടിയിൽ വെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. കുനിയിൽ അത്തീഖ് റഹ്മാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം.
ദൃക്സാക്ഷികളുൾപ്പെടെ 364 സാക്ഷികളാണ് കേസിലുള്ളത്. 273 സാക്ഷികളെ വിസ്തരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ, മറ്റ് ആയുധങ്ങൾ, പ്രതികളുടെ മൊബൈൽ ഫോണുകൾ, വാഹനങ്ങൾ ഉൾപ്പെടെ 100 തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.
കൊലക്കുറ്റമാണ് പന്ത്രണ്ടു പ്രതികള്‍ക്കെതിരേയും തെളിഞ്ഞത്. അന്യായമായി സംഘംചേരല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് ലഹള നടത്തല്‍, തെളിവുനശിപ്പിക്കല്‍, കുറ്റംചെയ്യാന്‍ പ്രേരിപ്പിക്കല്‍, പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളും കോടതി കണ്ടെത്തി. പതിനെട്ടാംപ്രതി ആലുംകണ്ടത്ത് ഇരുമാംകടവത്ത് സഫറുല്ലയ്ക്കെതിരേ കൊലക്കുറ്റത്തിനുപുറമെ ഗൂഢാലോചനക്കുറ്റവും തെളിഞ്ഞിരുന്നു.