തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിൻ്റെ രണ്ടാമത്തെ ട്രയൽ റൺ നാളെ നടക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാകും ട്രയൽ റൺ. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10 ന് ട്രെയിൻ പുറപ്പെടും. ഇന്നലെ നടന്ന ആദ്യ ട്രയൽ റണിൽ കണ്ണൂർ വരെയാണ് ട്രെയിൻ സഞ്ചരിച്ചത്. സർവീസ് കാസർഗോഡ് വരെ നീട്ടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അല്പ സമയം മുൻപ് അറിയിച്ചിരുന്നു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേഭാരത് ട്രെയിനിന്‍റെ നിരക്ക് പ്രഖ്യാപിച്ചിരുന്നു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്.
ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള 2 എക്സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും. രാവിലെ 5:10നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. 12.30ന് ട്രെയിന്‍ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2.30ന് കണ്ണൂരില്‍ നിന്ന് തിരിക്കുന്ന ട്രെയിന്‍ രാത്രി 9.20ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കും. വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. ഫേസ് 1 ഒന്നര വർഷത്തിനകം പൂർത്തിയാക്കും. വേഗത കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. രണ്ടാംഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത ലഭിക്കും. 2-3 വർഷം കൊണ്ട് ഇത് പൂർത്തിയാക്കും. സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുകയും വളവുകൾ നികത്തുകയും വേണം. അതിനായി ഭൂമി ഏറ്റെടുക്കും.
വന്ദേഭാരതത്തിൻറെ കന്നിയാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗമായേക്കും. തിരുവനന്തപുരം മുതൽ കൊല്ലം വരെ യാത്ര ചെയ്യുന്നതാണ് പരിഗണനയിലുള്ളത്. അന്തിമ തീരുമാനം എസ്.പി.ജി എടുക്കും. ഏപ്രില്‍ 25ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും.