ന്യൂഡല്‍ഹി: ബെംഗളൂരു സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്. മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്കി. ജാമ്യ വ്യവ്യസ്ഥയില്‍ ഇളവ് അനുവദിച്ച് കൊണ്ടാണ് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി മദനിക്ക് അനുമതി നല്‍കിയത്. ജൂലൈ 10 വരെ കേരളത്തിൽ നിൽക്കാം. ചികിത്സയടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ നാസർ മദനി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്.
കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണാൻ അനുവദിക്കണമെന്നും മദനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മദനിയുടെ അപേക്ഷയെ കർണാടക സർക്കാർ ശക്തമായി എതിർത്തു. വ്യവസ്ഥയിൽ ഇളവ് നൽകിയാൽ മദനി ഒളിവിൽ പോകുമെന്നായിരുന്നു സർക്കാരിന്റെ വാദം.
എന്നാൽ മദനി ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്നും ഇളവ് അനുവദിച്ചാൽ ഏങ്ങോട്ടും ഓടിപ്പോകില്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവർ വാദിച്ചു. തുടർന്നാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയത്. കര്‍ണാടക പോലീസിന്റെ നിരീക്ഷണത്തിൽ കേരളത്തില്‍ കഴിയാനാണ് മഅദനിക്ക് അനുമതിയുളളത്.
അതേസമയം കര്‍ണാടക പോലീസിന്റെ സുരക്ഷയിലാകണം മഅദനി കേരളത്തിലെക്ക് പോകേണ്ടത്. സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ജൂലായിൽ വീണ്ടും കോടതി പരിഗണിക്കും.
2017-ല്‍ മകന്റെ വിവാഹത്തിനായി കേരളത്തിലേക്ക് പോയ മഅദനിയുടെ സുരക്ഷയ്ക്കായി കര്‍ണാടക സര്‍ക്കാര്‍ ഈടാക്കിയത് 1,18,000 രൂപയാണ്. പന്ത്രണ്ട് ദിവസത്തേക്കാണ് മഅദനിക്ക് കേരളത്തത്തിലേക്ക് പോകാന്‍ അന്ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്. സുരക്ഷയ്ക്കായി 15 ലക്ഷം രൂപയായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ആദ്യം ചോദിച്ചിരുന്നത്. എന്നാല്‍, സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് തുക 1,18,000 രൂപ ആയി കുറയ്ക്കുകയായിരുന്നു.