കണ്ണൂര്‍: വന്ദേഭാരത് എക്സ്പ്രസ് സില്‍വര്‍ ലൈനിന് ബദലാവില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും മലയാളിയുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. ധര്‍മ്മടം മണ്ഡലത്തിൽപ്പെട്ട കാടാച്ചിറ ടൗണ്‍ സൗന്ദര്യവത്കരണം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈകിയാണെങ്കിലും വന്ദേ ഭാരത് വരുന്നത് സന്തോഷകരം. കേരളമാണ് ഏറ്റവുമധികം ടിക്കറ്റ് എടുത്ത് യാത്ര ചെയുന്ന ജനങ്ങളുള്ള സംസ്ഥാനം. മറ്റ് പലയിടത്തും ആളുകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാറില്ലെന്ന് റെയിൽവേ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ വരുമാനം നൽകുന്ന കേരളത്തിൽ അതിനനുസരിച്ചുള്ള ട്രെയിനുകൾ പുതിയത് ലഭിക്കുന്നില്ല. ബോഗികൾ പലതും തൊടാൻ പേടിയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നിലവിലുള്ള ട്രെയിൻ ഗതാഗതം തടസപ്പെടാതെ എങ്ങനെ വന്ദേ ഭാരത് യാത്ര സാധ്യമാകുമെന്നത് പരിശോധിക്കണം. കേരളത്തിലെ നിലവിലുള്ള ട്രെയിൻ പാതയ്ക്ക് മാറ്റം വരുത്താതെ വന്ദേ ഭാരത് ട്രെയിനിന്റെ ഉപയോഗം എത്രത്തോളമാണെന്നാണ് പ്രധാനം. നിലവിലുള്ള സ്ഥിതി അനുസരിച്ച് ജനശദാബ്ദിയുടെയും രാജദാനിയുടെയും വേഗത്തിൽ മാത്രമേ വന്ദേ ഭാരതിന് പോകാൻ കഴിയൂ.
626 വളവുകൾ കേരളത്തിൽ നികത്തണം. നിലവിലുള്ള സംവിധാനം തസ്ടപ്പെടുത്താതെ അത് സാധ്യമാകില്ല. ഇതിന് വരുന്ന ചിലവ് അതിഭീകരമാണ്. എന്നാൽ സിൽവർ ലൈൻ 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും. 3 മിനിറ്റിൽ ഒരു ട്രെയിൻ എന്ന നിലയിൽ മാറ്റാനാകും. സിൽവർ ലൈന് ഒന്നും ബദലല്ല ഇത്തരം സംവിധാനങ്ങൾ എന്നും മന്ത്രി പറഞ്ഞു.
ദേശീയപാതാ വികസനം കൊണ്ട് മാത്രം നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല എന്ന ബോധ്യത്തില്‍ നിന്നാണ് സില്‍വര്‍ ലൈന്‍ എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. സില്‍വര്‍ ലൈന്‍ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മൂന്നു മിനിറ്റ് ഇടവിട്ട് ഒരു ട്രെയിന്‍ എന്ന നിലയിലേക്ക് മാറ്റാന്‍ കഴിയും. ഇന്റര്‍സിറ്റി സംവിധാനം ഇടയ്ക്കിടെ കൊണ്ടുവരാന്‍ പറ്റും. വളരെ കുറഞ്ഞ സമയംകൊണ്ട് സില്‍വര്‍ ലൈനില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്ക് എത്താന്‍ കഴിയും.
അതുകൊണ്ട് വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ സില്‍വര്‍ ലൈനിന് ഒരിക്കലും പകരമാകില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തിന് ദേശീയപാത 66-ന്റെ വികസനവും തീരദേശ പാതയും മലയോര പാതയും വലിയ ആശ്വാസമാണ്. എന്നാല്‍, സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.