തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് മംഗളൂരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ- സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കണക്ടിവിറ്റി പൂര്‍ണമാകാന്‍ മംഗളൂരു വരെ സര്‍വീസ് നീട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിമിത റെയിൽവെ സൗകര്യങ്ങളുള്ള ജില്ലയാണ് കാസർകോടെന്നും കേരളത്തിന്റെ ഭാഗമായതിനാൽ ജില്ലയെ അവഗണിക്കരുതെന്നും സതീശൻ കത്തിൽ സൂചിപ്പിച്ചു.
കർണാടകയുമായി ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന ജില്ലയായതിനാൽ വന്ദേ ഭാരത് മംഗളൂരു വരെ നീട്ടുന്നത് കാസർകോട്ടെ ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ റെയില്‍പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം, തിരുവനന്തപുരത്ത് നിന്ന് ഈ മാസം 22ന് വന്ദേഭാരത് പരീക്ഷണയോട്ടം നടത്തിയേക്കും. തിരുവനന്തപുരം – ഷൊർണൂർ പാതയിലാകും പരീക്ഷണയോട്ടം. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൽ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. കേരളത്തിനുള്ള വന്ദേഭാരത് ട്രെയിനിന് എട്ടു സ്റ്റോപ്പുകളാണ് പരിഗണനയിലുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് പരിഗണനയിലുള്ളതെന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനിന്റെ കൂടുതൽ ചർച്ചകൾക്കായി ദക്ഷിണ മേഖല റെയിൽവെ ഡിവിഷണൽ മാനേജർ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരത്ത് റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയുമെന്നതാണ് വന്ദേഭാരതിന്റെ പ്രത്യേകത. എന്നാൽ കേരളത്തിലെ പാതകളിൽ ഇത് സാധ്യമാവില്ല. 110 കിലോമീറ്റർ വരെ വേഗത്തിലേ ഓടിക്കാൻ കഴിയൂ എന്നാണ് റിപ്പോർട്ട്.