ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി സ. വി കെ സനോജിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്, ‘കെ റയില്‍ വലിയ ചര്‍ച്ചയൊക്കെ നടന്ന ഘട്ടത്തിലാണ്, വന്ദേ ഭാരത് ട്രയിന്‍ ഒക്കെ വരുന്നത്. പെട്ടന്ന് ഇങ്ങനെ ഉള്ള ടെയിനിന്റെ വരവേല്‍പില്‍ രാഷ്ട്രീയം എന്തെങ്കിലും ഉണ്ടോ ?
കെ റെയിലിനെ തീര്‍ത്തും അപ്രസക്തമാക്കിയോ ? എന്താണ് DYFI യുടെ അഭിപ്രായം?’ എന്നതായിരുന്നു.
ചോദ്യത്തിന്, DYFI സെക്രട്ടറി നല്‍കിയ മറുപടിയുടെ ചുരുക്കം ഇതായിരുന്നു – ‘ ഈ വരവേല്‍പിനും പ്രചരണത്തിനും തികച്ചും രാഷ്ട്രീയം ഉണ്ട്.
കേരളത്തില്‍ വന്ദേ ഭാരത് ട്രയിനിന്റെ വേഗത ഒക്കെ നമ്മള്‍ ചര്‍ച്ച ചെയ്തതുമാണ്’. തീവണ്ടിയിലെ സുരക്ഷ, റെയില്‍ പാതാ വികസനം, കൊച്ച് ഫാക്ട്ടറി, പാലക്കാട് സോണ്‍ തുടങ്ങിയ കേരളത്തിന്റെ എല്ലാ റെയില്‍വേ വികസന ആവശ്യങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് സ. വി കെ സനോജ് ഇങ്ങനെ പ്രതികരിച്ചത് എന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
വസ്തുത ഇതായിരിക്കെ, ‘വന്ദേഭാരത് എക്‌സ്‌പ്രെസ് പെട്ടെന്ന് എത്തിച്ചത് കേരളത്തോടുള്ള വിരോധത്തില്‍ ‘ എന്ന് സനോജ് പറയാത്തത് ഗോപീകൃഷ്ണന്‍ കേട്ടത് എങ്ങനെയാണ്.!? കാര്‍ട്ടൂണ്‍ സ്വീകാര്യതയുള്ള മാധ്യമമാണ് എന്ന് കരുതി, പത്രത്തിന്റെ വായനക്കാരെ കബളിപ്പിക്കാന്‍ മാതൃഭൂമി തയ്യാറായത്, വായനക്കാരോടുള്ള അങ്ങേയറ്റത്തെ വഞ്ചന തന്നെയാണ്. അന്തസ്സ് ചോര്‍ന്നുപോയിട്ടില്ലെങ്കില്‍ മാതൃഭൂമി, സനോജിനോട് മാപ്പ്പറഞ്ഞ്, അക്കാര്യം പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം.
മലയാളിയായ ‘മിടുക്കനായ’ കേന്ദ്രമന്ത്രി ഉള്ളതുകൊണ്ട്, കേരളത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ..!? കേരളത്തില്‍ റെയില്‍വേ സംബന്ധിച്ച വികസനം ഒന്നും നടക്കുന്നിട്ടില്ല എന്നതാണ് സ്ഥിതി. പ്രഖ്യാപിച്ച കോച്ച്ഫാക്ടറി, പാലക്കാട് സോണ്‍ എല്ലാം നഷ്ടമായ സ്ഥിതി. റെയില്‍വേ പാതാവികസനവുമെല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. മാത്രമല്ല, ഗോപീകൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതുപോലെ, വന്ദേഭാരത് ട്രെയിന്‍ പെട്ടെന്നാണോ കേരളത്തിന് കിട്ടുന്നത്.!? മലയാളിയായ കേന്ദ്രമന്ത്രിയുണ്ടായിട്ടും മറ്റ് സംസ്ഥാനങ്ങളില്‍ അനുവദിച്ച ഈ ട്രെയിന്‍, ഇന്ത്യയുടെ ഭാഗമായ കേരളത്തിലെത്താന്‍ പിന്നെയും 4 വര്‍ഷങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്ന ‘മിടുക്ക്’ നമുക്ക് മുന്നിലുണ്ടല്ലോ.
കേരളത്തോടുള്ള സ്‌നേഹം മൂത്ത് കല്ലെടുത്തെറിയുമോ..? എന്നൊരു ചോദ്യവും ഗോപീകൃഷ്ണന്‍ മുന്നോട്ട് വെക്കുന്നുണ്ട്. ആ ചോദ്യം ബിജെപി സര്‍ക്കാറിലും മലയാളിയായ കേന്ദ്രമന്ത്രിക്ക് മേലുമാണ് പതിക്കുക എന്ന് കരുതണം. കാരണം, റെയില്‍വേ പാതാ വികസനം കേന്ദ്രം നടത്താത്തത് കൊണ്ടാണല്ലോ, വന്ദേഭാരത് ട്രെയിന്‍ വേഗം കുറച്ച് ഓടേണ്ടിവരുമെന്ന് ലോക്കോ പൈലറ്റിനുതന്നെ വ്യക്തമാക്കേണ്ടി വന്നത്. സനോജ് സൂചിപ്പിച്ചതുപോലെ, കേരളത്തിന്റെ റെയില്‍വേ വികസനമത്രയും മുടങ്ങിയത്, കേരളത്തിന് നേരെയുള്ള ഈ കേന്ദ്ര കല്ലെറിയല്‍ സമീപനം കൊണ്ട് തന്നെയല്ലേ. അതൊന്നും പക്ഷേ ഗോപീകൃഷ്ണന്റെ ചിന്തയില്‍ എത്തില്ല. പറയാത്തത് പറഞ്ഞുവെന്ന വ്യാജേന സനോജിനെ, അതുവഴി DYFI യെ അവഹേളിക്കുകയും, വായനക്കാരെയാകെ കബളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് മിനിമം ഭാഷയില്‍ മര്യാദകെട്ട തനി തോന്ന്യവാസമാണ്. മാതൃഭൂമി തിരുത്തുമെന്ന് കരുതുന്നു.