ന്യൂ ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാള്‍ സിബിഐക്ക് മുന്നില്‍ ഹാജരായി. സിബിഐ ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടു. അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
നടപടിക്കെതിരെ ഡല്‍ഹിയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. സിബിഐ നൂറ് തവണ വിളിച്ചാലും ഹാജരാകുമെന്നും, രാഷ്ട്ര വിരുദ്ധ ശക്തികളാണ് തന്നെ വേട്ടയാടുന്നത് എന്നും കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അഴിമതിയുടെ സൂത്രധാരന്‍ കെജ്രിവാളാണെന്ന ആരോപണം ബിജെപി ആവര്‍ത്തിച്ചു.
അതിനിടെ, എഎപി ഡല്‍ഹിയില്‍ നാളെ ഒരു ദിവസത്തെ നിയമസഭ സമ്മേളനം വിളിച്ചു. അസാധാരണ സാഹചര്യത്തില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് എഎപി വിശദീകരണം. നിയമസഭ സമ്മേളനം നിയമലംഘനം എന്ന് ബിജെപി പ്രതികരിച്ചു.